ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി. ശനിയാഴ്ചയുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.
സിക്ക, മാംഗരൈ, ഈസ്റ്റ് മാംഗരൈ മേഖലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതോടെ റോഡുകൾ തടസപ്പെട്ടു. ഇത് രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
ഫ്ലോറസ് ദ്വീപിലെ എൻഡെ നഗരത്തിന് വടക്കുപടിഞ്ഞാറായി ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ഏകദേശം 5,000 പേർ താൽക്കാലിക അഭയകേന്ദ്രങ്ങളിലോ ടെന്റുകളിലോ കഴിയുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നൂറിലധികം പേർക്ക് പരിക്കേറ്റതായും വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു.
ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. രക്ഷാപ്രവർത്തകർ റോഡുകളിലെ തടസങ്ങൾ നീക്കി ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്ന പസഫിക് ‘റിങ് ഓഫ് ഫയർ’ മേഖലയിൽ ഭൂചലനങ്ങൾ പതിവാണ്.

