ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ അവരുടെ കുടുംബങ്ങളുടെ മുഴുവൻ സ്വപ്നങ്ങളാണ് തകർന്നടിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരിവിമുക്തമായ ഒരു യുവതലമുറയെ വാർത്തെടുക്കാൻ കുടുംബങ്ങളും ഗുരുദ്വാരകളും സാമൂഹിക സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും യുവാക്കൾക്ക് ശരിയായ പാത തിരഞ്ഞെടുക്കാനുള്ള കരുത്ത് പകരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആദ്യ സിഖ് ഗുരുവായ ശ്രീ ഗുരു നാനാക്ക് ദേവിന്റെ 557-ാം ജന്മവാർഷികമായ പ്രകാശ് പുരബിന് മുന്നോടിയായി ഡൽഹി ലോക് നിവാസിൽ നടന്ന ശബദ് കീർത്തൻ ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ഓരോ യുവാവും ലഹരിയിൽ നിന്ന് മുക്തരാകണമെന്നും, നന്നായി പഠിച്ച് മുന്നേറി സ്വന്തം കുടുംബത്തിനും രാജ്യത്തിനും അഭിമാനമായി മാറണമെന്നും മോദി ആശംസിച്ചു. ഇതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയും ഗുരു സാഹിബിന്റെ അനുഗ്രഹത്താലും പുതിയ തലമുറയ്ക്ക് സുരക്ഷിതവും ശോഭനവുമായ ഭാവി ഉറപ്പാക്കാൻ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 2029-ഓടെ ഇന്ത്യയെ പൂർണമായും ലഹരിമുക്തമാക്കാനുള്ള ലക്ഷ്യവുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

