തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പ്രിയദർശിനി’ 100 ദിവസം പൂർത്തിയാക്കി. വി.ഡി. സതീശൻ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരണ്ടി’യിലെ പ്രധാന പദ്ധതി ചരിത്ര നേട്ടത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് സർക്കാർ. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ പദ്ധതിക്ക് സാധിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പ്രിയദർശിനി പദ്ധതി എത്രത്തോളം ആഴത്തിൽ സ്വാധീനിച്ചു എന്നതിന്റെ നേർചിത്രമാണ് കഴിഞ്ഞ നൂറ് ദിനങ്ങൾ തുറന്നുകാട്ടുന്നത്. വിദ്യാർത്ഥിനികൾ, തൊഴിലെടുക്കുന്ന സ്ത്രീകൾ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് സുരക്ഷിതമായ യാത്രാവകാശം ഉറപ്പാക്കുന്നതി നൊപ്പം കുടുംബ ബജറ്റുകളിൽ വലിയ സാമ്പത്തിക സുരക്ഷിതത്വം സമ്മാനിക്കാനും ഇതിലൂടെ കഴിഞ്ഞു.
സ്ത്രീകളോടുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമാനവും കരുതലും വ്യക്തമാക്കുന്നതാണ് ഈ പദ്ധതിയെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. നവകേരള നിർമ്മിതിയിൽ സ്ത്രീകളുടെ തുല്യ പങ്കാളി ത്തവും സ്വതന്ത്രമായ സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കിക്കൊണ്ട് പുതുയുഗ കേരളത്തി ന്റെ മുന്നേറ്റത്തിന് ഊർജ്ജം പകരാൻ പ്രിയദർശിനി പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും സർക്കാർ വിലയിരുത്തി.

