ഗ്യാനേഷ് കുമാറിനെതിരെ ലണ്ടനിലും പ്രതിഷേധം

ഗ ലണ്ടൻ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിലും പ്രതിഷേധം. ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതക്കുറവും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറും (SIR) ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ വിദ്യാർഥി സംഘടനകളും പ്രതിപക്ഷ അനുകൂല സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് മറുപടിയായി കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന ഇന്ത്യൻ വംശജരും പ്രതിപ്രതിഷേധം നടത്തി.

ഒക്ടോബർ 16ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിലായിരുന്നു ഇരുവിഭാഗങ്ങളുടെയും പ്രതിഷേധം. സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്എഫ്ഐ) യുകെ ഘടകം സംഘടിപ്പിച്ച പ്രതിഷേധത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിനെയും പിന്തുണയ്ക്കുന്നവരാണ് പ്രതിപ്രതിഷേധവുമായി രംഗത്തെത്തിയത്. ഇരുവിഭാഗങ്ങളെയും മെട്രോപൊളിറ്റൻ പൊലീസ് വേർതിരിച്ചുനിർത്തി.

ശനിയാഴ്ച (ഒക്ടോബർ 17) പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു സമീപവും പ്രതിഷേധം നടന്നു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് എസ്എഫ്ഐ യുകെ ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ നൽകി. നൂറുകണക്കിന് ആളുകൾ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. സർക്കാരിനെ പിന്തുണയ്ക്കുന്നവരും സ്ഥലത്ത് പ്രതിപ്രതിഷേധം നടത്തി.

ഇന്ത്യയിൽ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളുമാണ് പ്രതിഷേധങ്ങളുടെ പശ്ചാത്തലം. മരിച്ചവർ, ഇരട്ടപ്പേരുകൾ, താമസം മാറിയവർ, അർഹതയില്ലാത്തവർ എന്നിവരുടെ പേരുകൾ കണ്ടെത്തി വോട്ടർപട്ടിക പുതുക്കുകയാണ് എസ്‌ഐആറിന്റെ ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എന്നാൽ, നടപടിയുടെ സുതാര്യതയെയും നടപ്പാക്കുന്ന രീതിയെയും ചോദ്യം ചെയ്താണ് പ്രതിഷേധക്കാർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *