പഞ്ചാബ് ചോദ്യപേപ്പർ ചോർച്ച; ഡൽഹി എഎപി ഓഫീസിലേക്ക് ബിജെപി മാർച്ച്

ന്യൂഡൽഹി: പഞ്ചാബിലെ തൊഴിൽ നിയമന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച് സംഘർഷഭരിതമായി. ജൂലൈ 19-ന് നടന്ന ഫാർമസി ഓഫീസർ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് ഉടനടി രാജിവെക്കണമെന്നും എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എഎപി ആസ്ഥാനത്തിന് മുന്നിൽ പോലീസ് തീർത്ത ബാരിക്കേടുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷാ അട്ടിമറികൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുമ്പോൾ, സ്വന്തം പാർട്ടി ഭരണത്തിലുള്ള പഞ്ചാബിലെ തുടർച്ചയായ പേപ്പർ ചോർച്ചകളിൽ കെജ്രിവാളും എഎപിയും ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് കുറ്റപ്പെടുത്തി.

പഞ്ചാബിൽ തുടർച്ചയായുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകൾ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവിയാണ് തകിടം മറിക്കുന്നതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം കൂടുതൽ ശക്തമാക്കുമെന്നും ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *