വെള്ളിയാഴ്ച പുടിൻ ഡൽഹിയിലെത്തും; മോദിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അന്നുതന്നെ പുടിൻ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച.

പ്രതിരോധം, ഊർജം, വ്യാപാരം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലെ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായും ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ പ്രസിഡന്റ് മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ത്യയിലെത്തുന്നത്. ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യ-റഷ്യ സംയുക്തമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദർശനമായ ‘ഇന്നോപ്രോം ഇന്ത്യ’യും പുടിനും മോദിയും സന്ദർശിക്കുമെന്നാണ് വിവരം.

ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി എസ്‌യു-57 യുദ്ധവിമാനങ്ങൾ സംബന്ധിച്ച ചർച്ചകളും നടക്കാനിടയുണ്ട്. എസ്‌യു-57 ഇന്ത്യയ്ക്ക് നൽകുന്നതും സാങ്കേതികവിദ്യ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിലുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് കാര്യാലയ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വിതരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും ചർച്ചയിൽ ഉൾപ്പെടും.

റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതിയും ചർച്ചയിലെ പ്രധാന വിഷയമായേക്കും. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക 100 ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്താനുള്ള നീക്കത്തെ റഷ്യ ‘നിയമവിരുദ്ധവും അംഗീകരിക്കാനാകാത്തതും’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ വ്യാപാര ബന്ധവും കൂടിക്കാഴ്ചയിൽ ശ്രദ്ധേയമാകും.

റഷ്യ-യുക്രെയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സാഹചര്യവും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് സൂചന. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന ഇന്ത്യയുടെ നിലപാടുമായി വലിയ തോതിൽ യോജിക്കുന്നതാണ് റഷ്യയുടെ നിലപാടെന്ന് പെസ്കോവ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യയുടെ ഇടപെടലിനെ റഷ്യ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-റഷ്യ ബന്ധത്തിൽ പ്രതിരോധത്തിനൊപ്പം വ്യാപാരം, ഊർജം, വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുടിന്റെ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *