സിഡ്നി: ഹിജാബ് ധരിച്ച സഹപാഠിയെ പിന്തുണച്ചതിന് സിഡ്നിയിലെ ബസിൽ 13 വയസ്സുകാരിയായ മുസ്ലിം സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ വംശീയാധിക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 10-ന് ഇന്നർ-വെസ്റ്റ് സിഡ്നിയിലൂടെ സർവീസ് നടത്തിയ ബസിലായിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ജന്ന (യഥാർത്ഥ പേരല്ല) അതിക്രമത്തിന് ഇരയായത്.
സഹപാഠിക്ക് നേരെയുണ്ടായ അപമാനത്തെ ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാർത്ഥിനിയെ “തീവ്രവാദി” എന്നും “കുടിയേറ്റ നായ” എന്നും ഇയാൾ ആക്രോശിക്കുകയായിരുന്നു. “നിങ്ങളെയെല്ലാം കൊല്ലുന്നതുവരെ എനിക്ക് കാത്തിരിക്കാനാവില്ല” എന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച ഗ്രീനേക്കറിലെ (Greenacre) വസതിയിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയുള്ള പിന്തുടരൽ (Stalking), ഭീഷണിപ്പെടുത്തൽ (Intimidation) എന്നീ കുറ്റങ്ങൾ ചുമത്തിയ ഇയാളുടെ ജാമ്യാപേക്ഷ തള്ളിയ ബാങ്ക്സ്ടൗൺ ലോക്കൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവം ന്യൂ സൗത്ത് വെയിൽസിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള കടുത്ത ആശങ്കകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ ഇത്തരം വിദ്വേഷ അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ പ്രായം കുറഞ്ഞുവരികയാണെന്ന് ഓസ്ട്രേലിയയുടെ ഇസ്ലാമോഫോബിയ പ്രതിരോധ പ്രത്യേക പ്രതിനിധി അഫ്താബ് മാലിക് മുന്നറിയിപ്പ് നൽകി. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഭയത്തോടെ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയിലാണ് വിദ്യാർത്ഥിനികളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

