കീം പ്രവേശന പരീക്ഷയിൽ വാഴക്കുളം സ്വദേശി ആൽഫ്രഡ് ജെൻസണ് ആറാം റാങ്ക്

വാഴക്കുളം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ ഉന്നത വിജയവുമായി വാഴക്കുളം സ്വദേശി. മഞ്ഞള്ളൂർ പഞ്ചായത്തിലെ കദളിക്കാട് പുത്തൻപുരയ്ക്കൽ ആൽഫ്രഡ് ജെൻസണാണ് സംസ്ഥാന തലത്തിൽ ആറാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയത്.

പത്താം ക്ലാസ് വരെ വാഴക്കുളം കാർമൽ സി.എം.ഐ. പബ്ലിക് സ്കൂളിലാണ് ആൽഫ്രഡ് പഠിച്ചത്. തുടർന്ന് മാന്നാനം കെ.ഇ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കി. പ്ലസ് ടു പഠനത്തോടൊപ്പം തന്നെ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പ്രവേശന പരീക്ഷാ പരിശീലനവും നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ജെ.ഇ.ഇ. അഡ്വാൻസ്ഡ് (JEE Advanced) പരീക്ഷയിലും മികച്ച വിജയം കൈവരിച്ച ആൽഫ്രഡ് കേരളത്തിൽ എട്ടാം റാങ്കും അഖിലേന്ത്യാ തലത്തിൽ 1489-ാം റാങ്കും സ്വന്തമാക്കിയിരുന്നു. നിലവിൽ ഹൈദരാബാദ് ഐ.ഐ.ടി.യിൽ (IIT Hyderabad) ആദ്യ അലോട്ട്മെന്റിൽ തന്നെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന് ആൽഫ്രഡിന് പ്രവേശനം ലഭിച്ചിട്ടുണ്ട്.

പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപകനായ ജെൻസൻ പി. ജോണിന്റെയും കുമാരമംഗലം പഞ്ചായത്ത് സീനിയർ ക്ലർക്കായ സീമ എം. നായരുടെയും മകനാണ് ആൽഫ്രഡ്. മദ്രാസ് ഐ.ഐ.ടി.യിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ജ്യേഷ്ഠ സഹോദരൻ ആൽബി, ജാർഖണ്ഡിലെ ധൻബാദിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) ഡിവിഷണൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *