തിരുവനന്തപുരം: അധ്യാപക നിയമനത്തിനായുള്ള 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം ശിപാർശ ചെയ്തു. വിവിധ അധ്യാപക തസ്തികകളിലേക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ശിപാർശ ചെയ്യുന്നത്.
കൂടാതെ, മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സംസ്ഥാനത്ത് മൂന്ന് പ്രത്യേക കോടതികൾ സ്ഥാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി എൻ.ഡി.പി.എസ് (NDPS) കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ കോടതികൾ രൂപീകരിക്കുന്നത്. തലസ്ഥാനത്ത് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

