വോട്ടർപട്ടികയിൽ പേരു നഷ്ടപ്പെട്ടവർക്ക് ആശ്വാസം; ഫോം 6 പരിഷ്കരിക്കാൻ മഹാരാഷ്ട്രയുടെ ശുപാർശ

മുംബൈ: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ.) നടപടിക്കിടെ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും അപേക്ഷിക്കുന്നത് എളുപ്പമാക്കാൻ ഫോം 6-ൽ മാറ്റങ്ങൾ വരുത്തണമെന്ന് മഹാരാഷ്ട്ര. ഇതുസംബന്ധിച്ച ശുപാർശ മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.

നിലവിൽ ഫോം 6 സമർപ്പിക്കുമ്പോൾ അപേക്ഷകൻ ആദ്യമായാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തണം. എന്നാൽ, മുമ്പ് വോട്ടറായിരുന്നവരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ഈ വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കുന്നതായി വിലയിരുത്തുന്നു. തെറ്റായി പ്രഖ്യാപനം നടത്തിയാൽ തടവുശിക്ഷയോ പിഴയോ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമോയെന്ന ആശങ്കയും അപേക്ഷകർക്കുണ്ട്.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ‘പുതിയ വോട്ടർ’ എന്ന പ്രഖ്യാപനം ഒഴിവാക്കുകയും അപേക്ഷയിൽ പഴയ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ രേഖപ്പെടുത്താൻ സൗകര്യമൊരുക്കുകയും ചെയ്യണമെന്നാണ് മഹാരാഷ്ട്രയുടെ ശുപാർശ. ഇതിലൂടെ മുമ്പ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവർക്കും വീണ്ടും പേര് ചേർക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നത് എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും അംഗീകാരം ലഭിച്ചശേഷമേ നിർദേശങ്ങളിൽ അന്തിമ തീരുമാനമുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *