കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ പ്രതി ചേർത്തിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറിയിച്ചു. കമ്പനിയുടെ കളമശേരിയിലെ ഓഫിസ് വിലാസത്തിലാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നതെന്നും ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനാണ് ഓഫീസിൽ പരിശോധന നടത്തിയതെന്നും എസ്‌ഐടി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ബിനാമി ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ രേഖകൾ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. അതേസമയം, റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് എസ്‌ഐടിയുടെ വിശദീകരണം.
ഒരു മിനിറ്റ് പോലും വാർത്താ സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ വാങ്ങിവച്ചിട്ടില്ലെന്നും ന്യൂസ് ഡെസ്കിൽ പ്രവേശിച്ചിട്ടില്ലെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. ആരുടെയും ജോലി തടസ്സപ്പെടുത്തിയിട്ടില്ലെന്നും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റലൈസ് ചെയ്ത രേഖകൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും പി. വിജയൻ അറിയിച്ചു.
അതേസമയം, പരിശോധനയുമായി റിപ്പോർട്ടർ ചാനൽ സഹകരിച്ചില്ലെന്നും പരിശോധനയ്ക്കുള്ള നോട്ടിസ് കൈപ്പറ്റിയില്ലെന്നും തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. മറ്റ് സ്ഥലങ്ങളിൽ ആളില്ലാതിരുന്നതിനാലാണ് ന്യൂസ് ഡെസ്കിൽ പ്രവേശിച്ചതെന്നും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നുമാണ് എസിപിയുടെ വിശദീകരണം.
മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കൊച്ചിയിലും വയനാട്ടിലുമടക്കം വിവിധ സ്ഥലങ്ങളിൽ എസ്‌ഐടി പരിശോധന നടത്തിയത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിനും ബന്ധപ്പെട്ട വ്യക്തികളുടെ വസതികൾക്കും പരിശോധന നടന്നു.

