തുർക്കിയിൽ മാധ്യമങ്ങൾക്കും സാമൂഹികമാധ്യമ അക്കൗണ്ടുകൾക്കും നിയന്ത്രണം; പ്രതിഷേധവുമായി 21 സംഘടനകൾ

ലണ്ടൻ: തുർക്കിയിൽ സ്വതന്ത്ര മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സാമൂഹിക സംഘടനകൾക്കുമെതിരായ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ, മാധ്യമസ്വാതന്ത്ര്യ സംഘടനകൾ രംഗത്ത്. ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ, കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സിപിജെ) എന്നിവയുൾപ്പെടെ 21 സംഘടനകളാണ് ഓൺലൈൻ സെൻസർഷിപ്പിനെതിരെ സംയുക്തമായി രംഗത്തെത്തിയത്.

സെപ്റ്റംബറിൽ മാത്രം സാമൂഹികമാധ്യമമായ എക്സിൽ കുറഞ്ഞത് 1,270 അക്കൗണ്ടുകൾ തടയാൻ തുർക്കി അധികൃതരും കോടതികളും ഉത്തരവിട്ടതായി സ്വാതന്ത്ര്യപ്രകടന സംഘടനയായ İFÖD കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ദേശീയസുരക്ഷ, പൊതുക്രമം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതെന്നാണ് വിവരം.

സ്വതന്ത്ര വാർത്താ വെബ്സൈറ്റായ ടി24-ന്റെ വെബ്സൈറ്റും എക്സ് അക്കൗണ്ടും തടഞ്ഞ നടപടി മാധ്യമസ്വാതന്ത്ര്യ സംഘടനകൾ പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ എൽജിബിടിക്യു വിഭാഗവുമായി ബന്ധപ്പെട്ട 118 ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ചെന്നാരോപിച്ചാണ് വെബ്സൈറ്റിനെതിരെ നടപടി സ്വീകരിച്ചത്. കുട്ടികളെയും കുടുംബമൂല്യങ്ങളെയും സംരക്ഷിക്കാനാണ് നടപടികളെന്നാണ് തുർക്കി ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ, എൽജിബിടിക്യു വിഭാഗത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ റിപ്പോർട്ടിങ്ങിനെപ്പോലും കുറ്റകരമായി കാണുന്നതാണ് നടപടിയെന്ന് മാധ്യമപ്രവർത്തകർ വിമർശിക്കുന്നു.

മനുഷ്യാവകാശ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര വാർത്താ വെബ്സൈറ്റായ ബിയാനെറ്റിന്റെ അക്കൗണ്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മാധ്യമസ്ഥാപനങ്ങൾക്കു പുറമേ അക്കാദമിക് രംഗത്തുള്ളവരുടെയും വനിതാ അവകാശ പ്രവർത്തകരുടെയും എൽജിബിടിക്യു സംഘടനകളുടെയും ഓൺലൈൻ സാന്നിധ്യവും നിയന്ത്രണങ്ങളുടെ ലക്ഷ്യമാകുന്നതായി അവർ ആരോപിക്കുന്നു.

ഓൺലൈൻ ഉള്ളടക്ക നിയന്ത്രണങ്ങളിൽ സാമൂഹികമാധ്യമ കമ്പനികളുടെ പങ്കും സംഘടനകൾ ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവുകൾ പ്രകാരം അക്കൗണ്ടുകൾ തടയുന്നതിൽ പ്ലാറ്റ്ഫോമുകൾ സഹകരിക്കുന്നതും നിയന്ത്രണങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതായി വിമർശനമുണ്ട്. തടയൽ ഉത്തരവുകളുടെ കാരണങ്ങൾ വ്യക്തമാക്കാതിരിക്കുന്നതും നിയമപരമായി ചോദ്യം ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ലഭിക്കാത്തതും ആശങ്കയുണ്ടാക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

തുർക്കിയിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിക്കാനും മാധ്യമങ്ങളുടെയും സാമൂഹിക സംഘടനകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും 21 സംഘടനകൾ സർക്കാരിനോടും സാമൂഹികമാധ്യമ കമ്പനികളോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *