ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളം; പ്രതിരോധ-സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കും

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹത്തിലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ 13,000 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. സിവിലിയൻ സർവീസുകൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള (dual-use) വിമാനത്താവളമായിരിക്കും ഇത്.

ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയുടെ ഭാഗമായാണ് ഗലാതിയ ബേ മേഖലയ്ക്ക് സമീപം വിമാനത്താവളം നിർമ്മിക്കുന്നത്. പദ്ധതി അഞ്ച് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തന നിയന്ത്രണം ഇന്ത്യൻ നാവികസേനയ്ക്ക് കീഴിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലാക്ക കടലിടുക്കിന് സമീപമുള്ള ഗ്രേറ്റ് നിക്കോബാറിന്റെ തന്ത്രപ്രധാന സ്ഥാനം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരീക്ഷണ ശേഷിയും പ്രതിരോധ സന്നാഹങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ദ്വീപിലേക്കുള്ള വ്യോമഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിയിൽ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്മെന്റ് തുറമുഖം, വിമാനത്താവളം, പുതിയ ടൗൺഷിപ്പ്, 450 എംവിഎ ശേഷിയുള്ള വൈദ്യുത നിലയം എന്നിവയും ഉൾപ്പെടുന്നുണ്ട്. ഗലാതിയ ബേയിലെ ട്രാൻസ്‌ഷിപ്മെന്റ് തുറമുഖവും പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും ചില ഗവേഷകരും ആശങ്ക ഉയർത്തുന്നുണ്ട്. വനനശീകരണം, സമുദ്ര ജൈവവൈവിധ്യത്തിന് ഉണ്ടാകാവുന്ന ആഘാതം, തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ ജീവിതത്തെ ബാധിക്കാനുള്ള സാധ്യത എന്നിവയാണ് പ്രധാന ആശങ്കകൾ.

Leave a Reply

Your email address will not be published. Required fields are marked *