കേരളത്തിന് 988.75 കോടിയുടെ റോഡ് വികസന സഹായം; 39 പദ്ധതികൾക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിലെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുമതി ലഭിച്ചത്. ഇതിലൂടെ സംസ്ഥാനത്ത് 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകും.

അനുവദിച്ച തുകയിൽ 570 കോടി രൂപ മലബാർ മേഖലയിലെ റോഡ് വികസനത്തിനാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 21 പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്തെ ആകെ പദ്ധതികളുടെ പകുതിയിലധികവും മലബാർ മേഖലയിലാണ്.

പ്രധാന ജില്ലാ റോഡുകൾ, സാധാരണ ജില്ലാ റോഡുകൾ, കോർപ്പറേഷൻ റോഡുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത റോഡുകളുടെ നവീകരണവും വികസനവുമാണ് ലക്ഷ്യം.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് പദ്ധതികൾക്ക് അനുമതി ലഭിച്ചതെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.

സാങ്കേതികവും സാമ്പത്തികവുമായ അനുമതികൾ സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയപാതാ നിലവാരത്തിലുള്ള നിർമാണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവൃത്തികൾ നടപ്പാക്കുക.

റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗ്രാമീണ-നഗര മേഖലകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *