കീവ്: ഉക്രെയിനിൻ്റെ കിഴക്കൻപ്രദേശത്ത് ജനങ്ങൾക്കു പെൻഷൻ വിതരണംചെയ്യവെ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 25 മരണം. ലഭ്യമായ പ്രാഥമികവിവരമനുസരിച്ച് 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പെൻഷൻവാങ്ങാൻ വരിയിൽ നിന്നിരുന്നവരാണ് റഷ്യൻ വ്യോമാക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവർ സാധാരണ പൗരന്മാരാണെന്നും റഷ്യ എല്ലാ അന്താരാഷ്ട്രനിയമങ്ങളും കാറ്റിൽപ്പറത്തുകയാണെന്നും ആക്രമണത്തിൽ അപലപിച്ചുകൊണ്ട് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിൽ സെലെൻസ്കി പറഞ്ഞു. ഓഗസ്റ്റിലെ അവസാനത്തെയാഴ്ച റഷ്യ കീവിൽ നടത്തിയ മിന്നലാക്രമണത്തിൽ 23 പേർ ഒറ്റരാത്രികൊണ്ടു കൊല്ലപ്പെട്ടിരുന്നു. അന്നുതന്നെ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ കനത്ത നാശനഷ്ടങ്ങുമുണ്ടായി. 42 മാസമായിത്തുടരുന്ന റഷ്യൻ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും കുട്ടികളടക്കം അനേകരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ പ്രാകൃതമായ അക്രമമവസാനിപ്പിക്കാൻ ലോകം സാദ്ധ്യമായവിധത്തിലൊക്കെ സമ്മർദ്ദം ചെലുത്തണമെന്നും ഈ നടപടികളെ ലോകമൊട്ടാകെ അപലപിക്കണമെന്നും സെലൻസ്കി അഭ്യർദ്ധിച്ചു.
ഉക്രെയിൻ ആക്രമണം നിർത്താതെ തുടരുന്ന റഷ്യയുടെ പക്കൽനിന്നും അമേരിക്കൻ വ്യാപാരമരവിപ്പിക്കൽ വകവെയ്ക്കാതെ ഇന്ത്യയും ചൈനയും ഇന്ധനം വാങ്ങുന്നത് വിമർശനവിധേയമായിരുന്നു. തങ്ങൾക്കാവശ്യമായ ഇന്ധനം ഏറ്റവും ചുരുങ്ങിയ ചെലവിൽ ലഭിക്കുന്നിടത്തുനിന്നു വാങ്ങുക എന്നത് തങ്ങളുടെ രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു സുപ്രധാനമാണെന്നാണ് ഇന്ത്യയുടെ പക്ഷം. റഷ്യയ്ക്കുമേൽ നിരന്തരം വാക്കുകൊണ്ടും വ്യാപാരനിയന്ത്രണംകൊണ്ടും സ്മ്മർദ്ദംചെലുത്തുന്ന അമേരിക്കതന്നെ അവരിൽന്ന് യുറേനിയവും വളവുംമറ്റും വാങ്ങുന്നതും ഇന്ത്യൻ അധികൃതർ മുൻപു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൻ്റെപേരിൽ അമേരിക്ക ഇരുരാജ്യങ്ങളുടെയുംമേൽ ഭീകരതീരുവ ചുമത്തിയതും അതുപോലെതന്നെ വിമർശനവിധേയമായി. ഇന്തപോലെ ലോകത്തെതന്നെ വലിയ ജനാധിപത്യരാജ്യം പൂർണ്ണമായും റഷ്യൻ ചേരിയിലേയ്ക്കു മാറുന്നതിന് ഇതു വഴിവെയ്ക്കുമെന്നാണ് യൂറോപ്യൻ വിദഗ്ദ്ധരുടെ അഭിപ്രായം.

