റഷ്യൻ ഡ്രോൺ ആക്രമണം; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർത്തു; ഒരാൾ കൊല്ലപ്പെട്ടു

കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉടമസ്ഥതയിലുള്ള പ്രമുഖ മരുന്ന് നിർമ്മാണശാലയ്ക്ക് നേരെ റഷ്യയുടെ ശക്തമായ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ വംശജനായ വ്യവസായി രാജീവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ‘കുസും ഗ്രൂപ്പിന്റെ’ നിർമ്മാണ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രോൺ പതിച്ചതിനെത്തുടർന്ന് ഫാക്ടറിയുടെ പ്രധാന കെട്ടിടം പൂർണ്ണമായി തകരുകയും പ്രദേശത്താകെ വൻ തീപിടുത്തവും കനത്ത പുകയും പടരുകയും ചെയ്തു.

ആക്രമണത്തിൽ കമ്പനിക്ക് ഏകദേശം 400 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സുമിയിലെ ഈ പ്ലാന്റിൽ അമ്പതിലധികം ജനറിക് മരുന്നുകൾ നിർമ്മിച്ച് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. യുദ്ധം രൂക്ഷമായി തുടരുമ്പോഴും തടസ്സമില്ലാതെ ജീവൻരക്ഷാ മരുന്നുകൾ ഉൽപ്പാദിപ്പിച്ചു വന്ന സ്ഥാപനമാണിത്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സാധാരണക്കാരുടെ ജീവിതത്തെയും അത്യാവശ്യ ജീവൻരക്ഷാ സൗകര്യങ്ങളെയും തകർക്കുന്നതാണ് റഷ്യയുടെ ഈ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, റഷ്യൻ ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഈ ആഴ്ചയിൽ മാത്രം ആയിരത്തൊള്ളായിരത്തിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ യുക്രെയ്നിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടതെന്നും സെലെൻസ്കി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *