വാഴ്‌സാ: യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം യൂറോപ്പിന്റെയാകെ ഉറക്കം കെടുത്തുന്ന അവസ്ഥയിലേക്ക് എത്തുകയാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ലംഘിച്ച് നിരന്തരം ഡ്രോണുകള്‍ പറന്നെത്തുന്നതാണ് ഓരോ യൂറോപ്യന്‍ രാജ്യത്തെയും അസ്വസ്ഥമാക്കുന്നത്. ഇവയൊന്നും ആക്രമണം നടത്തുകയോ ആക്രമണ സൂചന തരികയോ ചെയ്യുന്നില്ലെങ്കിലും വ്യോമാതിര്‍ത്തിയുടെ ലംഘനം മേഖലയിലാകെ അസ്വസ്ഥതയാണ് വിതയ്ക്കുന്നത്. റഷ്യയോട് അടുത്തു സ്ഥിതി ചെയ്യുന്ന പോളണ്ട്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഏതു നിമിഷവും ഡ്രോണുകള്‍ എത്താം എന്നതാണ് അവസ്ഥ.
യുക്രേയ്‌നുമായുള്ള യുദ്ധത്തിലും റഷ്യ വിമാനങ്ങളെക്കാള്‍ അധികം ആശ്രയിക്കുന്നത് ഡ്രോണുകളെയാണ്. അതിനാലാണ് തങ്ങളുടെ രാജ്യങ്ങള്‍ക്കു മുകളില്‍ ഓര്‍ക്കാപ്പുറത്ത് എത്തുന്ന ഡ്രോണുകള്‍ റഷ്യ അയച്ചത് ആയിരിക്കാമെന്ന് യൂറോപ്പ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഡ്രോണുകളുടെ അതിര്‍ത്തി ലംഘനം ആരംഭിക്കുന്നത്. ആദ്യം പോളണ്ടിനു മുകളിലാണ് ഡ്രോണുകള്‍ എത്തിയത്. ഇരുപതോളം ഡ്രോണുകള്‍ എത്തിയെങ്കിലും പോളണ്ട് അവയെല്ലാം വെടിവച്ചു വീഴ്ത്തി. അടുത്ത പടിയായി ബല്‍ജിയം, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ജര്‍മനി, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തികള്‍ ഡ്രോണുകള്‍ ലംഘിക്കുന്നത് പതിവു കാര്യമായി.
ഡ്രോണുകളെ പ്രതിരോധിക്കുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ബഹുതല സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണിപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതിനു പണച്ചെലവ് വളരെ കൂടുതലായിരിക്കുമെന്നു മാത്രമല്ല, സംവിധാനം രൂപപ്പെടുത്തിയെടുക്കണമെങ്കില്‍ ഏറെക്കാലമെടുക്കുകയും ചെയ്യും. പക്ഷേ, കൂട്ടായ പ്രതിരോധമല്ലാതെ യൂറോപ്പിനു മുന്നില്‍ മറ്റു മാര്‍ഗമൊന്നുമില്ല താനും.

