കീവ്: യുക്രെയ്നിലെ ക്രിവി റിഹിലുള്ള ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ സ്റ്റീൽ പ്ലാന്റിന് നേരെ റഷ്യൻ മിസൈൽ ആക്രമണം. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ജന്മനാടായ ക്രിവി റിഹിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് ആർസലർ മിത്തൽ പ്ലാന്റ്. ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കും ബ്ലാസ്റ്റ് ഫർണസുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പ്ലാന്റിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു. നാശനഷ്ടത്തിന്റെ വിശദാംശങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. യുക്രെയ്ൻ റഷ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജസ്ഥാൻ സ്വദേശിയായ ലക്ഷ്മി എൻ. മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആർസലർ മിത്തൽ ലോകത്തെ പ്രമുഖ സ്റ്റീൽ നിർമാണ കമ്പനികളിലൊന്നാണ്. 2006ൽ മിത്തൽ സ്റ്റീൽ യൂറോപ്യൻ വ്യവസായ കമ്പനിയായ ആർസലറുമായി ലയിച്ചതോടെയാണ് ആർസലർ മിത്തൽ രൂപംകൊണ്ടത്.

