ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അന്നത്തെ ഭരണസമിതിയിലെ അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം (SIT) തീരുമാനിച്ചതായി റിപ്പോർട്ട്. 2025-ൽ ദ്വാരപാലക വിഗ്രഹങ്ങളുടെയും കട്ടിളപ്പള്ളിയുടെയും സ്വർണപ്പൊതികൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണമേൽപ്പിക്കാനായി മാറ്റിയ സംഭവത്തിൽ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം സംശയിക്കുന്നതിനെ തുടർന്നാണ് നടപടി.
കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുൻ ഭരണസമിതി ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്. പ്രശാന്തിനൊപ്പം മുൻ ഭരണസമിതിയിലെ മറ്റ് മൂന്ന് അംഗങ്ങളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെയും പ്രതിചേർക്കുമെന്നാണ് റിപ്പോർട്ട്.
ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളപ്പള്ളിയും സ്വർണമേൽപ്പിക്കാനായി ഹൈക്കോടതിയുടെ അനുമതിയില്ലാതെ കൈമാറിയതിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽ തന്ത്രി കണ്ടരര് രാജീവര്, തിരുവാഭരണ കമ്മിഷണർ രാജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ അന്വേഷണസംഘം ഒരുങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കേസിന്റെ അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്നും സമഗ്രമായ അന്വേഷണ റിപ്പോർട്ട് ഈ മാസം 29-നകം സമർപ്പിക്കണമെന്നും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം.

