മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ഇരിക്കൂർ എം.എൽ.എയും എ.ഐ.സി.സി. വിദേശകാര്യ സെക്രട്ടറിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫിന് മെൽബണിൽ ഊഷ്മളമായ സ്വീകരണം നൽകി.
മെൽബണിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി., ഐ.ഒ.സി. ഓസ്‌ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറി ബിജു സ്കറിയ, വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ്, വിമൻസ് കോർഡിനേറ്റർ അനിഷ മാണി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഇന്ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുക്കും. ഓഗസ്റ്റ് 16-ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓഗസ്റ്റ് 17-ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, അതേദിവസം തന്നെ ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും മുഖ്യാതിഥിയാകും. ഓഗസ്റ്റ് 19-ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ (Meet & Greet) പരിപാടിയിലും സജീവ് ജോസഫ് പങ്കെടുക്കും.

