സിഡ്നി: മലയാളി പത്രത്തിന്റെ പതിനഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് സിഡ്നിയില്‍ സംഘടിപ്പിച്ചിരിക്കുന്ന മാ ഫെസ്റ്റ് അക്ഷരോത്സവത്തില്‍ പ്രശസ്ത സിനിമാ നടിയും സാഹിത്യകാരിയുമായ സജിതാ മഠത്തില്‍ പങ്കെടുക്കും.
സിനിമാ നാടക രംഗത്ത് അഭിനയത്തിലും തിരക്കഥ രചനയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് മലയാളത്തിന്റെ സ്വന്തം സജിതാ മഠത്തില്‍. കോഴിക്കോട് ജില്ലയില്‍ ജനിച്ച സജിത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വ കലാശാലയില്‍നിന്ന് നാടകാഭിനയത്തില്‍ പിഎച്ച്.ഡി. നേടി. ഇരുപത്തഞ്ചിലധികം വര്‍ഷങ്ങളായി നാടകരംഗത്ത് സജീവമാണ്.. രണ്ടു സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. നാല്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംഗീത നാടക അക്കാദമി പുരസ്കാരം, ഷട്ടര്‍ സിനിമയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ മൂന്നുതവണ ലഭിക്കുകയുണ്ടായി.
മലയാള നാടക സ്ത്രീചരിത്രം, അരങ്ങിന്റെ വകഭേദങ്ങള്‍, അരങ്ങിലെ മത്സ്യഗന്ധികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മലയാള നാടക സ്ത്രീ ചരിത്രത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും അരങ്ങിലെ മത്സ്യഗന്ധികള്‍ എന്ന നാടകസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കൈരളി ടി.വിയില്‍ പ്രൊഡ്യൂസര്‍, കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ ഡെപ്യൂട്ടി സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയവിഭാഗം മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

