ഐ.എസ് ബന്ധമുള്ള ഓസ്‌ട്രേലിയൻ വനിതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ; തിരിച്ചുവരവ് അനിശ്ചിതത്വത്തിൽ

സിഡ്‌നി: സിറിയയിലെ അൽ-റോജ് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന, ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ബന്ധമുള്ള ഓസ്‌ട്രേലിയൻ വനിത ഹോദാൻ അബി (Hodan Abby) വീണ്ടും വാർത്തകളിൽ. ക്യാമ്പിൽ ഇവർ ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കുന്ന ‘എൻഫോഴ്‌സറായി’ പ്രവർത്തിച്ചുവെന്നും, മറ്റ് സ്ത്രീകളെ നിർബന്ധിച്ച് നിഖാബ് ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു.

അഭയാർത്ഥി ക്യാമ്പിൽ ‘ജഡ്ജി’ അല്ലെങ്കിൽ ‘എൻഫോഴ്‌സർ’ എന്ന നിലയിൽ പ്രവർത്തിച്ച് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തി വസ്ത്രധാരണ രീതികൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.തങ്ങളുടെ തെറ്റുകൾക്ക് മാപ്പപേക്ഷിക്കാൻ സ്ത്രീകളെ നിർബന്ധിക്കുകയും, നിർബന്ധിത മതപ്രഖ്യാപനമായ ‘ഷഹാദ’ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.ഭർത്താവ് വാങ്ങിയ ഒമ്പതോ പത്തോ വയസ്സുള്ള യസീദി പെൺകുട്ടിയെ മർദ്ദിച്ചതായും ഇവർക്കെതിരെ ആരോപണമുണ്ട്.

കഴിഞ്ഞ മാസം ഹോദാൻ അബിക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ മറ്റ് പല ‘ഐ.എസ് വധുക്കളും’ നാട്ടിലെത്തിയ ഉടൻ അറസ്റ്റിലായ സാഹചര്യത്തിൽ, അബി മടങ്ങിവരവ് പുനഃപരിശോധിക്കുകയാണെന്നാണ് സൂചന. ഹോം അഫയേഴ്‌സ് മന്ത്രി ടോണി ബർക്ക് ഇക്കാര്യം സ്ഥിരീകരിച്ചു. അബി മടങ്ങിയെത്തിയാൽ അറസ്റ്റോ തുടർനടപടികളോ ഉണ്ടാകുമെന്നും, അധികൃതർ ഇവരെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറാഖിലെ ജയിലുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരന്മാരായ ഐ.എസ് പോരാളികളുടെ തിരിച്ചുവരവിനെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. ഇവർ ജയിൽ മോചിതരായാൽ നിയമപരമായ തടസ്സങ്ങൾ ഉള്ളതുകൊണ്ട് തിരിച്ചുവരവ് തടയാൻ പ്രയാസമാണെന്നും, എന്നാൽ പൗരന്മാരായതിനാൽ അവർക്ക് മടങ്ങിവരാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. തീവ്രവാദ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ എപ്പോഴും രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *