സിഡ്നി / പെർത്ത്: ദീപാവലി ആഘോഷങ്ങൾക്കൊപ്പം കാരുണ്യത്തിന്റെയും പ്രതീക്ഷയുടെയും വെളിച്ചം പകരാൻ ഓസ്ട്രേലിയയിലുടനീളം ‘സേവാ ദീപാവലി’ (Sewa Diwali) ഫുഡ് ഡ്രൈവ് സജീവമാകുന്നു. ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചുനൽകുന്നതിനായി പെർത്ത് മുതൽ ഡാർവിൻ വരെയുള്ള വിവിധ കൂട്ടായ്മകൾ കൈകോർക്കുകയാണ്.
2023-ൽ വെസ്റ്റേൺ ഓസ്ട്രേലിയയിലാണ് ഉത്സവകാലത്ത് പാവപ്പെട്ടവർക്കായി ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിക്കുക എന്ന ലളിതമായ ആശയത്തോടെ ‘സേവാ ദീപാവലി’ക്ക് തുടക്കമിട്ടത്. മൂന്ന് വർഷത്തിനിപ്പുറം ഈ ഉദ്യമം രാജ്യത്തുടനീളം വ്യാപിച്ചുകഴിഞ്ഞു. നവംബർ 8-ന് ദീപാവലി ആഘോഷിക്കാനിരിക്കെ, ഇത്തവണ ഡാർവിനും ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സംഘടനകൾ ഇത്തവണ സഹകരിക്കുന്നുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം 45,000 കിലോഗ്രാം ഭക്ഷണവും അവശ്യവസ്തുക്കളുമാണ് വോളണ്ടിയർമാർ സമാഹരിച്ച് അർഹരായവരിലേക്ക് എത്തിച്ചത്. ഇത്തവണ പ്രത്യേക ലക്ഷ്യമൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും മുൻവർഷത്തേക്കാൾ വലിയ അളവിൽ സഹായം സമാഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ. മക്വാറി ഫീൽഡ്സ് പബ്ലിക് സ്കൂൾ, ബംഗാരിബീയിലെ ശ്രീസ് ഫാമിലി ഡേ കെയർ, ബബ്സ്നെസ്റ്റ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം വോളണ്ടിയർമാർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഫുഡ് ബാങ്ക് , കമ്മ്യൂണിറ്റി പാൻട്രികൾ, എമർജൻസി റിലീഫ് സർവീസുകൾ, ഷെൽട്ടറുകൾ തുടങ്ങിയവ വഴിയാണ് വിതരണം ചെയ്യുന്നത്. അരി, പാസ്ത, ടിന്നിലടച്ച ബീൻസ്, ട്യൂണ, പഴങ്ങൾ, പച്ചക്കറികൾ, ലോങ്-ലൈഫ് പാൽ, പാചക എണ്ണ, ചായപ്പൊടി, കാപ്പിപ്പൊടി, നട്സ് ഇല്ലാത്ത ലഘുഭക്ഷണങ്ങൾ എന്നിവയെല്ലാം സംഭാവനയായി നൽകാം.
നിസ്വാർത്ഥ സേവനം എന്ന ഹൈന്ദവ തത്വമായ ‘സേവ’യെ അടിസ്ഥാനമാക്കിയാണ് ഈ ക്യാമ്പയിൻ പ്രവർത്തിക്കുന്നതെങ്കിലും എല്ലാ വിഭാഗം ജനങ്ങൾക്കും ഇതിൽ പങ്കാളികളാകാം. ആരും മറക്കപ്പെടാതെ എല്ലാവരെയും ചേർത്തുപിടിക്കുമ്പോഴാണ് ആഘോഷങ്ങൾ പൂർണ്ണമാകുന്നതെന്ന സന്ദേശമാണ് ഈ കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്. സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി sewadiwaliaus.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

