ഏഷ്യൻ ഗെയിംസ് നടക്കാനിരിക്കെ ജപ്പാനിലെ നഗോയയിൽ കനത്ത വെള്ളപ്പൊക്കം; 400ഓളം പേരെ ഒഴിപ്പിച്ചു

ഏ നഗോയ: ഏഷ്യൻ ഗെയിംസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജപ്പാനിലെ ആതിഥേയ നഗരമായ നഗോയയിൽ റെക്കോർഡ് മഴയെ തുടർന്ന് വ്യാപക വെള്ളപ്പൊക്കം. റോഡുകളിലും വീടുകളിലും വെള്ളം കയറിയതിനു പിന്നാലെ ഗതാഗത സംവിധാനങ്ങളും താൽക്കാലികമായി തടസ്സപ്പെട്ടു.

ഏഷ്യൻ ഗെയിംസിനായി നേരത്തെ നഗോയയിലെത്തിയ കായികതാരങ്ങളും ജീവനക്കാരും ഉൾപ്പെടെ ഏകദേശം 400 പേരെ സുരക്ഷിത സ്ഥാനത്തേക്ക് താൽക്കാലികമായി മാറ്റി. ഇവരിൽ ആരും പരുക്കേറ്റതായി റിപ്പോർട്ടില്ല. പിന്നീട് ഇവരെ താമസസ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു.

കനത്ത മഴയെ തുടർന്ന് ഗെയിംസിന്റെ ചില വേദികളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. ഏതാനും വേദികളിലെ മേൽക്കൂരകളിൽ ചോർച്ചയും ഉണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലെ ബസ്, സബ്‌വേ സർവീസുകൾക്കും മഴയെ തുടർന്ന് താൽക്കാലിക തടസ്സമുണ്ടായി. ഏകദേശം 3,500 പേർ അടിയന്തര അഭയകേന്ദ്രങ്ങളിൽ അഭയം തേടിയതായും റിപ്പോർട്ടുണ്ട്.

എന്നാൽ വെള്ളപ്പൊക്കം ഏഷ്യൻ ഗെയിംസിന്റെ നടത്തിപ്പിനെ നിലവിൽ ബാധിക്കില്ലെന്ന് നഗോയ മേയർ ഇച്ചിറോ ഹിരോസാവ വ്യക്തമാക്കി. സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഗെയിംസ് നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഐചി–നഗോയ 2026 ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 45 രാജ്യങ്ങളിൽനിന്നും മേഖലകളിൽനിന്നുമായി 11,000ത്തിലധികം കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യം ഗെയിംസിന്റെ ഉദ്ഘാടനത്തെ ബാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം, നഗോയയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ മഴക്കെടുതിയുടെ പൂർണമായ വിലയിരുത്തൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *