കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കൽ മേഖലയിൽ കൂടുതൽ പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പുതിയ സാംപിൾ പരിശോധനയിൽ 12 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. നിലവിൽ 34 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുള്ള അങ്കണവാടി വിദ്യാർഥിനി മരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് വ്യാപക പരിശോധന ആരംഭിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. നേരത്തെ മരിച്ച കുട്ടിയുൾപ്പെടെ നാല് പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ട് കുട്ടികൾ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്.
രോഗലക്ഷണങ്ങളോടെ മറ്റു ചിലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനത്തെ തുടർന്ന് പെരുവയൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് എരഞ്ഞിക്കൽ, പൂവാട്ടുപറമ്പ് മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ഭക്ഷ്യസുരക്ഷാ വിഭാഗം പ്രദേശത്തെ കടകളിൽ പരിശോധന ആരംഭിക്കുകയും ചെയ്തു.
വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

