സിഡ്‌നി: സിഡ്‌നിയിലെ മുൻ ശിശുക്ഷേമ ജീവനക്കാരനായ 35 വയസ്സുകാരനെതിരെ 329 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (എ.എഫ്.പി). 16 വർഷത്തിനിടെ 136 കുട്ടികൾക്കെതിരെ ഇയാൾ ക്രൂരമായ അതിക്രമങ്ങൾ നടത്തിയെന്നാണ് കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കൽ, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തെത്തുടർന്നാണ് എ.എഫ്.പി അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സിഡ്‌നിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗ്ലോസോഡിയയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ‘വർക്കിംഗ് വിത്ത് ചിൽഡ്രൻ’ അക്രഡിറ്റേഷൻ പിന്നീട് റദ്ദാക്കി.
പ്രതി 62 ഓളം ശിശുക്ഷേമ കേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും, ഇതിൽ അഞ്ച് കേന്ദ്രങ്ങളിലെ കുട്ടികൾക്കെതിരെയാണ് ഇയാൾ അതിക്രമങ്ങൾ നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുമായി ബന്ധപ്പെട്ട കേസുകളിൽ 121 കുടുംബങ്ങളെ പോലീസ് ഇതിനകം ബന്ധപ്പെട്ടുകഴിഞ്ഞു. എന്നാൽ, 22 ഇരകളെ കൂടി ഇനിയും തിരിച്ചറിയാനുണ്ട്. ഇവർക്കായി പ്രത്യേക അന്വേഷണം തുടരുകയാണ്.
‘ഓപ്പറേഷൻ മൂൺബി’ (Operation Moonbi) എന്ന പേരിൽ കഴിഞ്ഞ 12 മാസമായി നടന്നുവരുന്ന അന്വേഷണത്തിൽ 24 ലക്ഷത്തോളം ഇലക്ട്രോണിക് ഫയലുകൾ പോലീസ് പരിശോധിച്ചു. കുറ്റാരോപിതനായ വ്യക്തി ജോലി ചെയ്തിരുന്ന എല്ലാ സ്ഥാപനങ്ങളുടെയും വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ പ്രവർത്തികൾ ഇരകളായ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും വലിയ ആഘാതമാണ് ഉണ്ടാക്കിയിരി ക്കുന്നതെന്നും, ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും എ.എഫ്.പി ആക്ടിംഗ് കമാൻഡർ ലൂക്ക് നീധം വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

