ഷുഹൈബ് വധക്കേസ്: വിചാരണ താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ വധക്കേസിലെ വിചാരണ നടപടികൾ കേരള ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നിലവിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി–3ൽ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്.

നിലവിലെ വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കുമോയെന്ന ആശങ്കയാണ് ഹർജിക്കാർ ഉയർത്തിയ പ്രധാന വാദം. വിചാരണക്കോടതി നടപടികളിൽ തിടുക്കം കാണിക്കുന്നുവെന്നും, ചില ആവശ്യങ്ങൾ പരിഗണിക്കാതെ തള്ളിയെന്നുമാണ് പ്രതിഭാഗത്തിന്റെ ആരോപണം. സാക്ഷിയുടെ പെരുമാറ്റരീതി പ്രത്യേകം രേഖപ്പെടുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി വിചാരണക്കോടതിയിലെ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും കേസ് ജൂൺ 15-ലേക്ക് മാറ്റുകയും ചെയ്തു. അതുവരെ വിചാരണ നടപടികൾക്ക് സ്റ്റേ തുടരും.

2018 ഫെബ്രുവരിയിൽ മട്ടന്നൂരിൽ നടന്ന ആക്രമണത്തിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. എട്ടുവർഷത്തിലേറെ നീണ്ട നിയമനടപടികൾക്ക് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. അടുത്തിടെ വിചാരണ തടസപ്പെടുത്താൻ ശ്രമിച്ചെന്ന വിലയിരുത്തലിനെ തുടർന്ന് കേസിലെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി റിമാൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *