എസ്എംഎ മരുന്ന് വിവാദം; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ. മുരളീധരൻ; നാറ്റ്കോ ഫാർമ സിപിഎമ്മിനും സംഭാവന നൽകിയെന്ന് രേഖകൾ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്കുള്ള മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. തനിക്കെതിരെ സംയുക്ത വാർത്താസമ്മേളനം നടത്തിയ മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണ ജോർജ് എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും ആരോഗ്യമന്ത്രി പദവിയിൽനിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾക്കുള്ള മരുന്നിൽ വിദേശ നിർമിത മരുന്നുകൾ വാങ്ങില്ലെന്നും സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുകളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ചില മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് ആശങ്കകൾക്ക് കാരണം. ഇത്തരം വാർത്തകൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളാകാം. സർജറിക്കൊപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ ഇടതുഭരണത്തെ പരിഹസിച്ച മന്ത്രി, കഴിഞ്ഞ പത്ത് വർഷത്തെ കൊള്ള സർക്കാർ സമഗ്രമായി അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു.

നേരത്തെ, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്നുകൾ വിതരണം ചെയ്തെന്ന് ആരോപിച്ച് മുൻ ആരോഗ്യമന്ത്രിമാർ രംഗത്തെത്തിയിരുന്നു. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുമ്പോൾ സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുൻ മന്ത്രി പി.കെ. ശ്രീമതി കുറ്റപ്പെടുത്തിയിരുന്നു. കെഎംഎസ്‌സിഎൽ ചട്ടങ്ങൾ മറികടന്ന് ആരോഗ്യമന്ത്രി മരുന്ന് കമ്പനി പ്രതിനിധികളെ കണ്ടുവെന്നും കോർപ്പറേറ്റുകൾക്ക് വിധേയനായെന്നും അവർ ആരോപിച്ചു.

അതിനിടെ, വിവാദത്തിൽ ഉൾപ്പെട്ട നാറ്റ്കോ ഫാർമ ലിമിറ്റഡ് സിപിഎമ്മിന് ഒന്നരക്കോടി രൂപ സംഭാവന നൽകിയ വിവരങ്ങളും പുറത്തുവന്നു. രണ്ടു ഘട്ടങ്ങളിലായി 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയും 2024-25 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുമാണ് കമ്പനി പാർട്ടിക്ക് നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിലാണ് ഈ വിവരമുള്ളത്. എൽഡിഎഫ് ഭരണകാലത്ത് കെഎംഎസ്‌സിഎൽ നാറ്റ്കോ കമ്പനിയിൽനിന്ന് മറ്റ് മരുന്നുകൾ വാങ്ങിയിട്ടുണ്ടെങ്കിലും എസ്എംഎ മരുന്ന് വാങ്ങിയിരുന്നില്ല. കമ്പനിയുമായി ബന്ധപ്പെട്ട ഫണ്ട് വിവരങ്ങൾ പുറത്തുവന്നതോടെ വിഷയം പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *