15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയ്ക്ക് വിലക്ക്; യു.എ.ഇയിൽ പുതിയ നിയമം
അബുദാബി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യു.എ.ഇ. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിച്ചതോടെ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ അറബ് രാജ്യമായി യു.എ.ഇ മാറി.
പുതിയ നിയമപ്രകാരം 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. പോസ്റ്റുകൾ പങ്കുവെക്കുക, അഭിപ്രായം രേഖപ്പെടുത്തുക, പൊതുഗ്രൂപ്പുകളിൽ ചേരുക തുടങ്ങിയ സൗകര്യങ്ങളും ഇവർക്ക് ലഭ്യമാകില്ല.
15, 16 വയസ്സുള്ള കൗമാരക്കാർക്ക് കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാകും സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്ക നിയന്ത്രണം, അപരിചിതരുമായുള്ള ആശയവിനിമയത്തിന് നിയന്ത്രണം, സ്ക്രീൻ ടൈം നിയന്ത്രണം, രക്ഷിതാക്കളുടെ മേൽനോട്ടം എന്നിവ നിർബന്ധമാക്കും.
യു.എ.ഇയിൽ പ്രവർത്തിക്കുന്ന എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ശക്തമായ പ്രായപരിശോധന സംവിധാനം നടപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചു. സ്വയം രേഖപ്പെടുത്തുന്ന പ്രായം ഇനി അംഗീകരിക്കില്ല. ഡിജിറ്റൽ ഐഡിയും സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് പ്രായം സ്ഥിരീകരിക്കണം. 15 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ കണ്ടെത്തി പ്രവർത്തനരഹിതമാക്കുകയും കുട്ടികളുടെ വിവരങ്ങൾ ലക്ഷ്യമിട്ട പരസ്യങ്ങൾക്കോ പ്രൊഫൈലിങ്ങിനോ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നിയമം നടപ്പാക്കാൻ പ്ലാറ്റ്ഫോമുകൾക്ക് 12 മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

