ഹോബാർട്ട്: സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള, ഒരു ടണ്ണോളം ഭാരമുള്ള ‘നീൽ’ എന്ന സതേൺ എലിഫന്റ് സീൽ ഒടുവിൽ കടലിലേക്ക് മടങ്ങി. ദക്ഷിണ ടാസ്മേനിയയിലെ ജനവാസ മേഖലകളിൽ ആഴ്ചകളോളം തങ്ങിയ ശേഷമാണ് അഞ്ച് വയസ്സുകാരനായ ഈ കടൽസിംഹം മടങ്ങിയത്. വഴിവിളക്കുകളും ട്രാഫിക് ബോർഡുകളും തകർത്തും, വീട്ടുപടിക്കൽ വിശ്രമിച്ചും നീൽ നടത്തിയ വികൃതികൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിരുന്നു. ഇതോടെ ഈ കൊച്ചു തീരദേശ നഗരത്തിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഉണ്ടായത്.
എന്നാൽ, നീൽ സുരക്ഷിതമായി കടലിലേക്ക് തിരികെ പോയതായി ടാസ്മേനിയൻ പ്രകൃതിവിഭവ-പരിസ്ഥിതി വകുപ്പ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഇത് ഇത്തരം ജീവികളുടെ സ്വാഭാവിക രീതിയാണെന്നും എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നീൽ സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും വീണ്ടും കരയ്ക്കടിയാൻ സാധ്യ തയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2023-ൽ നീലിന്റെ ശരീരത്തിൽ സാറ്റലൈറ്റ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചിരുന്നെങ്കിലും തൊലിപൊഴിക്കുന്ന സമയത്ത് അത് നഷ്ടപ്പെട്ടിരുന്നു. നിലവിൽ കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ മെറൈൻ കൺസർവേഷൻ വിഭാഗം നേരിട്ടാണ് നീലിനായുള്ള നിരീക്ഷണം നടത്തുന്നത്.
നീലിനെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയത് വന്യജീവി വകുപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പൊതുജന സുരക്ഷ മുൻനിർത്തി നീലിൽ നിന്നും കൃത്യമായ അകലം പാലിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ടാസ്മേനിയയിൽ കോളനികളൊന്നുമില്ലാതെ ജനിച്ച നീൽ, വിശ്രമിക്കുന്നതിനായി വർഷത്തിൽ രണ്ടുതവണ ഇവിടെയെത്തുന്നത് പതിവാണ്. 1800-കളിൽ വേട്ടക്കാർ ടാസ്മേനിയയിലെ സതേൺ എലിഫന്റ് സീൽ വംശത്തെ പൂർണ്ണമായി തുടച്ചുമാറ്റിയിരുന്നു. അതിനാൽ, വർഷങ്ങൾക്ക് ശേഷം ടാസ്മേനിയ യിൽ ജനിച്ച ആദ്യത്തെ സതേൺ എലിഫന്റ് സീൽ കുഞ്ഞുങ്ങളിൽ ഒന്നാണ് നീലെന്ന് വന്യജീവി ആരോഗ്യ വിഭാഗം മേധാവി ക്രിസ് കാർലിയോൺ പറഞ്ഞു.
“നമ്മൾ അവന് കാവലിരിക്കുമെങ്കിലും, ടാസ്മേനിയയിലെ ട്രാഫിക് കോണുകൾക്കും തെരുവ് ബോർഡുക ൾക്കും ഇനി അല്പം ആശ്വസിക്കാം,” എന്ന് ടാസ്മേനിയൻ പ്രീമിയർ ജെറമി റോക്ക്‌ലിഫ് തമാശരൂപേണ പ്രതികരിച്ചു. നീലിനെ കരയിൽ കാണുന്നവർ 20 മീറ്ററും, വളർത്തുനായ്ക്കളെ 50 മീറ്ററും അകലത്തിൽ നിർത്തണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

