ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ സ്ഫോടനത്തില്‍ ചാവേറായി മാറിയ ഡോ. ഉമര്‍ നബിയുടെ പ്രധാന സഹായി ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍ഐഎ) പിടിയില്‍. അമീര്‍ റഷീദ് അലി എന്നു പേരായ ഇയാളുടെ പേരിലാണ് ഡോ. ഉമര്‍ സ്ഫോടനത്തിന് ഉപയോഗിച്ച പഴയ കാര്‍ വാങ്ങിയിരുന്നത്. ഇതോടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുന്നതിനു മറ്റൊരു തുമ്പ് കൂടി എന്‍ഐഎയ്ക്കു ലഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പഞ്ചാബിലെ പത്താന്കോട്ടു നിന്ന് ഭീകരസംഘവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റയീസ് അഹമ്മദ് എന്നു പേരായ ഡോക്ടറെയും അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ അല്‍ ഫല സര്‍വകലാശാലയിലേക്ക് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. അതിനു ശേഷമാണ് അറസ്റ്റിലേക്കു കടന്നത്.
ഇതിനിടെ പഞ്ചാബിലെ പത്താന്‍കോട് കണക്ഷന് വ്യക്തമായതോടെ പഞ്ചാബില്‍ വച്ചും ഭീകര പ്രവര്‍ത്തനത്തിനുള്ള ആസൂത്രണം നടന്നുവോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. ഹരിയാനയിലെ നൂഹില്‍ അമോണിയം നൈട്രേറ്റ് പ്രതികള്‍ക്ക് കൈമാറിയ കടകളിലും എന്‍ഐഎ പരിശോധന പൂര്‍ത്തിയാക്കി. അല്ഫലായിലേക്കും കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

