സിഡ്നി: ക്യാമ്പസുകളിൽ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കും തടയിടാൻ ലക്ഷ്യമിട്ട് അടുത്ത വർഷം മുതൽ ഓസ്ട്രേലിയൻ സർവകലാശാലകളിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. ഇതനുസരിച്ച് ആന്റിസെമിറ്റിസം (ജൂതവിരുദ്ധത), ഇസ്ലാമോഫോബിയ, ആദിവാസി-ടോറസ് സ്ട്രെയിറ്റ് ഐലൻഡർ ജനതയ്ക്ക് നേരെയുള്ള വംശീയത എന്നിവയ്ക്ക് കൃത്യമായ നിർവചനം നൽകാനും കർശനമായ നടപടികൾ സ്വീകരിക്കാനും യൂണിവേഴ്സിറ്റികൾക്ക് നിയമപരമായ ബാധ്യതയുണ്ടാകും.
ആന്റിസെമിറ്റിസത്തെക്കുറിച്ചും സാമൂഹിക ഐക്യത്തെക്കുറിച്ചുമുള്ള റോയൽ കമ്മീഷൻ വിചാരണകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ വിരുദ്ധ വംശീയത മാനദണ്ഡങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ക്യാമ്പസുകളിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള ഭീകരവാദ അധിക്ഷേപങ്ങളും ഫസ്റ്റ് നേഷൻസ് വിദ്യാർത്ഥികൾക്ക് നേരെയുള്ള വംശീയ പരാമർശങ്ങളും ജൂത വിദ്യാർത്ഥികളുടെ ഭയവുമെല്ലാം ചൂണ്ടിക്കാണിച്ച് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം. ഇതുകൂടാതെ പബ്ലിക് യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെ ശമ്പളം, കൺസൾട്ടന്റുമാർക്കായി ചിലവഴിക്കുന്ന തുക, ബോർഡ് യോഗങ്ങളുടെ തീരുമാനങ്ങൾ എന്നിവ പരസ്യപ്പെടുത്തണമെന്ന സുതാര്യമായ ഭരണനിർവ്വഹണ നിയമങ്ങളും ഇതിനൊപ്പം നടപ്പിലാക്കും.
പുതിയ നിബന്ധനകൾ പ്രകാരം സർവ്വകലാശാലകൾക്ക് സ്വന്തമായി നിർവചനങ്ങൾ രൂപീകരിക്കാൻ അനുവാദമുണ്ട്. അതിനാൽ, ഇസ്രായേൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ തടയാൻ ഉപയോഗിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്ന ‘ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമംബറൻസ് അലയൻസ്’ (IHRA) നിർവചനം തന്നെ വേണമെന്ന് നിർബന്ധമില്ല. പുതിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘ടെർഷ്യറി എഡ്യൂക്കേഷൻ ക്വാളിറ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഏജൻസി’യെ (TEQSA) ചുമതലപ്പെടുത്തി. നിയമം ലംഘിക്കുന്ന സർവകലാശാലകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും കോടതി വഴി വൻ തുക പിഴ ഈടാക്കാനും റഗുലേറ്റർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ വ്യക്തമാക്കി. പൊതു സർവ്വകലാശാലകൾക്ക് 2027 ജനുവരി 1 മുതലും സ്വകാര്യ സർവ്വകലാശാലകൾക്ക് 2027 ജൂലൈ 1 മുതലുമായിരിക്കും പുതിയ ഗവേണൻസ് നിയമങ്ങൾ ബാധകമാകുക.

