സിഡ്നി: ഓസ്ട്രേലിയയിലെ കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. കുടുംബ, വിദ്യാർഥി വിസകളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ വരുന്നത്. ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ വരാനിരിക്കുന്ന പ്രത്യേക പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന.
പാർലമെന്ററി ചർച്ചകളും നടപടിക്രമങ്ങളും ഒഴിവാക്കി, ഡയറക്ട് റെഗുലേഷനുകൾ (Regulations) വഴി നേരിട്ട് പുതിയ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം. ഈ നടപടി ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തെയും, പ്രത്യേകിച്ച് പുതിയതായി വിസയ്ക്ക് അപേക്ഷിക്കാൻ തയ്യാറെടുക്കുന്ന മലയാളി കുടുംബങ്ങളെയും വിദ്യാർത്ഥികളെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആശങ്ക ശക്തമായിട്ടുണ്ട്.
അതേസമയം, കുടുംബ വിസകൾ പൂർണ്ണമായി വെട്ടിക്കുറച്ചു എന്ന തരത്തിലുള്ള വാർത്തകളിൽ വിശ്വസിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ഔദ്യോഗികമായി സർക്കാർ ഉത്തരവുകൾ പുറത്തിറങ്ങുന്നതുവരെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിയമപരമായ മാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ വസ്തുതകളും വിശകലനങ്ങളും ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വ്യക്തമാകും.

