ചൈനയിൽ ശക്തമായ ഭൂചലനം; രണ്ട് പേർ മരിച്ചു

ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ഗുവാങ്‌സിയിൽ ഉണ്ടായ 5.2 തീവ്രതയുള്ള ഭൂചലനത്തിൽ രണ്ട് പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് 7,000ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു.

ല്യൂഷൗ നഗരത്തെ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. കുറഞ്ഞത് 13 കെട്ടിടങ്ങൾ തകർന്നതായും നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ചില റോഡുകൾ തടസപ്പെടുകയും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഭൂചലനത്തിന് പിന്നാലെ വ്യാപകമായ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായിരുന്ന 91 വയസ്സുകാരനെ ജീവനോടെ കണ്ടെത്തിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി അടിയന്തരസേനയും യന്ത്രോപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, ഗ്യാസ് വിതരണം എന്നിവ സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ഗതാഗത തടസങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *