സിഡ്നി മലയാളി അസോസിയേഷൻ സുവർണ്ണ ജൂബിലിയും ഓണാഘോഷവും ഇന്ന്; പ്രീമിയർ ക്രിസ് മിൻസ് മുഖ്യാതിഥി

സിഡ്നി: പ്രവാസി മലയാളികളുടെ അഭിമാന കൂട്ടായ്മയായ സിഡ്നി മലയാളി അസോസിയേഷന്റെ (സിഡ്മൽ) 50-ാം വാർഷിക സുവർണ്ണ ജൂബിലി ആഘോഷങ്ങളും ഓണാഘോഷവും ഇന്ന് സിഡ്നിയിൽ അതിഗംഭീരമായി അരങ്ങേറും. അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പുത്തൻ, അവിനാഷ് പണിക്കർ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ രണ്ടു വർഷത്തെ കഠിനപ്രയത്നത്തിലൂടെയാണ് സിഡ്നി മഹാനഗരത്തിൽ മലയാളിയുടെ സാംസ്കാരിക അടയാളപ്പെടുത്തലായി മാറുന്ന ഈ സുവർണ്ണ ജൂബിലി മഹാസംഗമം ഒരുക്കിയിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് അടക്കമുള്ള പ്രമുഖ വിശിഷ്ട വ്യക്തികളും വിദേശത്തുനിന്നുള്ള പ്രശസ്ത കലാകാരന്മാരും ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. നാലാമൻ മീഡിയ ഹൗസ് സ്പോൺസർ ചെയ്യുന്ന പരിപാടിയുടെ മുഴുവൻ പ്രവേശന ടിക്കറ്റുകളും ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നിട്ടുണ്ട്

മുൻകാല കുടിയേറ്റക്കാർക്ക് താങ്ങും തണലുമായി നിലകൊണ്ട സിഡ്മൽ, പുതുതലമുറ കുടിയേറ്റങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം സജീവമായി വ്യാപിപ്പിച്ചുവരികയാണ്. വയോധികരായ അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങളും കൂട്ടായ്മയും ഒരുക്കുന്നതിനായുള്ള ‘തണൽ’ എന്ന പ്രത്യേക പദ്ധതിയും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓസ്-ഇന്ത്യ (Aus-India) പോലുള്ള ചാരിറ്റി പ്രവർത്തനങ്ങളും അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. സ്വാതന്ത്ര്യദിനത്തോടൊപ്പം സുവർണ്ണ ജൂബിലിയും ഓണാഘോഷവും ഒന്നിച്ചെത്തുന്നതിന്റെ വലിയ ആവേശത്തിലാണ് ഓസ്‌ട്രേലിയൻ പ്രവാസി സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *