സിഡ്നി: ഓസ്ട്രേലിയയിലെ മാമ്പഴപ്രേമികൾക്ക് ഇന്ത്യൻ മാമ്പഴങ്ങളുടെ തനത് രുചിയറിയാൻ ചരിത്രത്തിലാദ്യമായി സിഡ്നിയിൽ ‘ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ, ഇന്ത്യയിലെ കാർഷിക-സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയായ ‘അപെഡ’യുടെ (APEDA) സഹകരണത്തോടെയാണ് ഈ വിപുലമായ മാമ്പഴ ഉത്സവം ഒരുക്കുന്നത്.
ഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതിയും ജനപ്രീതിയും ഓസ്ട്രേലിയൻ വിപണിയിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മേള ആദ്യമായി സിഡ്നിയിൽ സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന രുചികളുള്ള പ്രശസ്തമായ ഇന്ത്യൻ മാമ്പഴ ഇനങ്ങൾ ആസ്വദിക്കാനും മിതമായ നിരക്കിൽ അവ സ്വന്തമാക്കാനുമുള്ള അവസരം മേളയിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
വരുന്ന ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ കാസിൽ ഹില്ലിലുള്ള ‘ഹാർവി ലോ പവലിയനിൽ’ (Harvey Lowe Pavilion, Castle Hill, NSW 2154) വെച്ചാണ് ഫെസ്റ്റിവൽ നടക്കുക. സിഡ്നിയിലെ പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം ഈ അപൂർവ്വ രുചിമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

