തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സഞ്ജു വി. സാംസണാണ് 18 അംഗ ടീമിന്റെ നായകൻ. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്. മുൻ നായകൻ സച്ചിൻ ബേബി ടീമിൽ ഇടംപിടിച്ചില്ല.
നവംബർ 14 മുതൽ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ് ടൂർണമെന്റിന്റെ മത്സരങ്ങൾ നടക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ത്രിപുര, പുതുച്ചേരി, അസം, ഹിമാചൽപ്രദേശ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരളത്തിന്റെ സ്ഥാനം.
നവംബർ 14ന് മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുകയാണ് കേരളത്തിന്റെ ലക്ഷ്യം.
സഞ്ജു സാംസണിനൊപ്പം രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ജലജ് സക്സേന തുടങ്ങിയ പരിചയസമ്പന്നരും ടീമിലുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങൾക്കും അവസരം ലഭിച്ചിട്ടുണ്ട്. അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ എന്നിവരും ടീമിൽ ഇടംനേടി. വിഗ്നേഷ് പുത്തൂർ, കെ.എം. ആസിഫ് തുടങ്ങിയവരും ബൗളിങ് നിരയിലുണ്ട്.
കേരള ടീം: സഞ്ജു വി. സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവൻ ആർ.ജെ., വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, അഖിൽ സ്കറിയ, നിഖിൽ എം., വിഗ്നേഷ് പുത്തൂർ, ബിജു നാരായണൻ എൻ., കാർത്തിക് ബി. നായർ, വൈശാഖ് ചന്ദ്രൻ, കെ.എം. ആസിഫ്, എം.ഡി. നിധീഷ്, എൻ.എം. ഷറഫുദ്ദീൻ, ജലജ് സക്സേന.

