തൃശ്ശൂർ: പ്രവാസി മലയാളിയും മാധ്യമപ്രവർത്തകനും സഞ്ചാരിയുമായ ശ്രദ്ധേയനായ എഴുത്തുകാരൻ സിജു ജേക്കബിന് ഈ വർഷത്തെ ടി.വി. കൊച്ചുബാവ സ്മാരക പ്രവാസി പുരസ്കാരം സമ്മാനിച്ചു. തൃശ്ശൂർ ലിറ്റററി ഫോറം, ചേരൂർ സാഹിതി സാംസ്കാരിക കേന്ദ്രം എന്നിവർ ഹോൺബിൽ പബ്ലിക്കേഷൻസുമായി സഹകരിച്ച് തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ എം.ടി ഹാളിൽ സംഘടിപ്പിച്ച ‘അക്ഷരീയം’ സാംസ്കാരിക വേദിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ചടങ്ങിൽ ഈ വർഷത്തെ യൂസഫലി കേച്ചേരി സ്മാരക പുരസ്കാരം പ്രശസ്ത കവി പ്രഭാവർമ്മയ്ക്ക് പ്രൊഫ. എസ്.കെ. വസന്തൻ സമ്മാനിച്ചു. ഡോ. സോഹൻ റോയ് സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പുരസ്കാര ജേതാവ് കൂടിയായ പ്രഭാവർമ്മ മുഖ്യാതിഥിയായ ചടങ്ങിൽ കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മറ്റ് പുരസ്കാരങ്ങൾ താഴെ പറയുന്നവർ ഏറ്റുവാങ്ങി:
- സി.പി. പോൾ ചൂണ്ടൽ സ്മാരക സാഹിത്യപുരസ്കാരം: സി.എസ്. ചന്ദ്രിക
- കെ.ജെ.. പള്ളത്ത് സാഹിത്യപുരസ്കാരം: റഫീഖ് അഹമ്മദ്
- ടി.കെ.പി. ബാലചന്ദ്രൻ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം: ബാബു വെള്ളാപ്പള്ളി, ശ്രീദേവി അമ്പലപുരം
ചടങ്ങിൽ വെച്ച് സാഹിതി സാഹിത്യ ആദരവിന് എ.പി. നാരായണൻകുട്ടി, സുകുമാരൻ വി. പൂക്കുന്നം എന്നിവർ അർഹരായി. സമ്മേളനത്തിൽ ഡോ. എസ്.കെ. വസന്തൻ, കെ. രഘുനാഥൻ, വി. മുരളി, ഡോ. സരസ്വതി ബാലകൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ബാലകൃഷ്ണൻ അഞ്ചത്ത്, അപർണ്ണ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. തുടർന്ന് പുലരി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘ആറാട്ടുപുഴ പിന്നെയും ഒഴുകുന്നു’ എന്ന നാടകവും അരങ്ങേറി.
സി.ആർ. ദാസിനും കെ.പി. സുധീരയ്ക്കും പൗരാവലി ആദരം
അക്ഷരീയം ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച തൃശ്ശൂർ പൗരാവലി ആദരിക്കൽ ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ സി.ആർ. ദാസിനെയും പ്രശസ്ത എഴുത്തുകാരി കെ.പി. സുധീരയെയും ആദരിച്ചു. സമാദരണ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ അശോകൻ ചെരുവിൽ നിർവ്വഹിച്ചു. ഡോ. ആനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ആർ. ദാസിന്റെ കൃതികളെയും സാഹിത്യ സംഭാവനകളെയും കുറിച്ച് താര വലിയേടത്ത്, സുരേഷ് കോമ്പാത്ത് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തുടർന്ന് കെ.പി. സുധീരയുടെ രചനാ ലോകങ്ങളെ ആസ്പദമാക്കി സെമിനാറും സമാദരണവും നടന്നു. പ്രശസ്ത എഴുത്തുകാരി മാനസിയുടെ ഉദ്ഘാടന സന്ദേശം ചടങ്ങിൽ വായിച്ചു കേൾപ്പിച്ചു. ഡോ. സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷത വഹിച്ച സെമിനാറിൽ രാജ്കുമാരി വിനോദ്, കെ. രാജഗോപാൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.





