ലോകത്തിലെ ഏറ്റവും വലിയ ആംഫിബിയസ് യുദ്ധക്കപ്പല്‍ സിചുവാന്‍ ചൈനയ്ക്ക് കമ്മീഷനിങ്ങിനു തയാറായി, ഇന്ത്യയ്ക്കും ഭീഷണി

ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ ആംഫിബിയസ് യുദ്ധക്കപ്പലായ സിചുവാന്റെ സൈനിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ചൈന കമ്മീഷനിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക്. നിരവധി കടല്‍ സാഹചര്യങ്ങളില്‍ കപ്പലിന്റെ ആക്രമണ ശേഷിയും ഉപയോഗക്ഷമതയുമാണ് സൈനിക പരീക്ഷണങ്ങളിലൂടെ തെളിയിച്ചത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ഭൂമിശാസ്ത്ര മേഖലയിലെ നാവിക ശേഷിയില്‍ ചൈന മറ്റെല്ലാ രാജ്യങ്ങളെയുംകാള്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണെന്നു പറയുന്നു.

ഒരേ സമയം ആക്രമണ കപ്പലായും വിമാന വാഹിനി കപ്പലായും ഉപയോഗിക്കാന്‍ സാധിക്കുന്നതിനാലാണ് ഇതിനെ ആംഫിബിയസ് ഇനത്തില്‍ പെട്ട കപ്പലെന്നു വിളിക്കുന്നത്. അമ്പതിനായിരം ടണ്‍ ആണ് കപ്പലിന്റെ ഭാരം. ലോകത്ത് മറ്റേതു രാജ്യവും ഉപയോഗിക്കുന്ന യുദ്ധക്കപ്പലുകളെക്കാള്‍ വലുതാണിത്. 260 മീറ്റര്‍ നീളവും 52 മീറ്റര്‍ വീതിയുമാണ് ഇതിന്റെ ഫ്‌ളൈറ്റ് ഡെക്കിനുള്ളത്. ഇതുവഴി കൂടുതല്‍ വിമാനങ്ങളെ ഒരേ സമയം വഹിക്കാനുള്ള ശേഷി കൈവരുന്നു. എത്ര വിമാനങ്ങളെയാണ് ഇതു വഹിക്കുന്നതെന്നു ചൈന വെളിപ്പെടുത്തിയിട്ടില്ല. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ഉള്ള വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും ഇതിനു വഹിക്കാനാവും.

കഴിഞ്ഞ ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ ഇത്രയും കാലം വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വ്യോമയാന നിയന്ത്രണ സംവിധാനവും വൈദ്യുത കാന്തിക വിക്ഷേപണ, വീണ്ടെടുക്കല്‍ ഉപകരണങ്ങളും ഈ കപ്പലിലുണ്ട്. അതിനാലാണ് ഇതിനെ മികച്ച ആക്രമണക്കപ്പലെന്നും വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *