സെൻസസ് 2027, ഡിജിറ്റൽ വിവരശേഖരണത്തിന്റെ ഒന്നാം ഘട്ടത്തിന് കേരളത്തിൽ തുടക്കമായി; സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ പോർട്ടൽ തുറന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) ഭാഗമായുള്ള ആദ്യഘട്ട വിവരശേഖരണത്തിന് കേരളത്തിൽ ഔദ്യോഗികമായി തുടക്കമായി. വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസും ഉൾപ്പെടുന്ന ഒന്നാം ഘട്ടത്തിൽ പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള ‘സ്വയം വിവരശേഖരണ’ (Self-Enumeration) പോർട്ടൽ ഇന്ന് (ജൂൺ 16) രാവിലെ 6 മണി മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജ്ഭവനിൽ വച്ച് തന്റെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.

പൊതുജനങ്ങൾക്ക് ജൂൺ 30 വരെ https://se.census.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് തങ്ങളുടെ കുടുംബാംഗങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ നേരിട്ട് സമർപ്പിക്കാവുന്നതാണ്. തുടർന്ന് ജൂലൈ 1 മുതൽ 30 വരെയുള്ള കാലയളവിൽ എന്യൂമറേറ്റർമാർ വീടുകളിൽ നേരിട്ടെത്തി ഈ വിവരങ്ങൾ ഡിജിറ്റലായി പരിശോധിക്കും. സ്മാർട്ട്‌ഫോണുകളിലെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത്തവണ വിവരശേഖരണം പൂർത്തിയാക്കുന്നത്.

കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഒ.ടി.പി വെരിഫിക്കേഷൻ വഴിയാണ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്. വീടിന്റെ ഘടന, ലഭ്യമായ സൗകര്യങ്ങൾ, വാഹനം, സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയ 34 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. സ്വയം വിവരശേഖരണം വിജയകരമായി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന 11 അക്ക ‘SE ID’ അടുത്ത മാസം വീടുകളിൽ എത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറണം. ഡിജിറ്റൽ സെൻസസിന്റെ രണ്ടാം ഘട്ടമായ യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *