നവ രസങ്ങൾ ചാലിച്ച നവരാത്രിക്കാലം

ഒരു നവരാത്രിക്കാലം കൂടി. ഓർമ്മകളുടെ നാവിൻ തുമ്പിൽ നേദിച്ച അവിലും മലരിൻ്റെയും മായാത്ത രുചി. പെയ്യാൻ വെമ്പുന്നൊരു തുലാവർഷ മേഘം കിഴക്കൻ പാടം കടന്ന് മലമക്കാവ് കുന്നിലേക്ക് ഇരച്ച് നീങ്ങി. കശുമാവിൻ കാടുകൾ തല തല്ലി കരഞ്ഞു. നരിമടയിൽ കുറുക്കൻമാർ ഓരിയിട്ടു. മിന്നൽ പിണരുകൾ ഭാരതപ്പുഴയിലെ തെളിവെള്ളത്തിൽ ചിത്രം വരച്ചു.

മലമക്കാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ 3 തവണ ശംഖു മുഴങ്ങി. ഇടയ്ക്കയിൽ ഭക്തിയുടെയും ഉപാസനയുടെയും സരസ്വതി സംഗീതം. ഓരോ വീടുകളിൽ നിന്നും ആളുകൾ അവിൽ, മലർ, പഴം, ശർക്കര എന്നിവ ദേവിക്ക് നേദിക്കാനായി ചരൻ വഴികൾ താണ്ടി അമ്പലത്തെ ലക്ഷ്യമാക്കി നടക്കുന്നു.

നാക്കിലയിലും സ്റ്റീൽ പാത്രങ്ങളിലും മരത്തിൻ്റെ മരികയിലും പൂജാ ദ്രവ്യങ്ങൾ ദേവിയ്ക്ക് മുന്നിൽ നിരന്നിരിക്കും. പൂജകഴിഞ്ഞ് പൂജാരി ഇവയെല്ലാം ശ്രീകോവിലിന് പുറത്തേക്ക് വയ്ക്കുമ്പോൾ അവരവരുടെ പാത്രം തിരഞ്ഞെടുക്കേണ്ടത് പൂജക്ക് കൊണ്ടു വന്നവരുടെ ഉത്തരവാദിത്വമാണ്. ഇലയിൽ അവിലും മലരും പൂജയ്ക്ക് കൊണ്ടുവന്നവരാരും പൂജകഴിഞ്ഞ് അത് വാങ്ങാൻ നിൽക്കാറില്ല. അവയൊക്കെ ആസ്ഥാന അമ്പലക്കാളകളായ ഞങൾ കുട്ടികളുടെ വയറ്റിലേക്കാണ്.

ശീവേലി കഴിഞ്ഞ് ആൽത്തറയ്ക്ക് കീഴെ നാടിന്നും നാട്ടുകാർക്കും പ്രിയങ്കരനായ അപ്പുണ്ണി മേനോൻ്റെ കൊമ്പൻ കേശവൻ വിശ്രമിക്കുന്നു. പനംപട്ട കൊണ്ട് ഈച്ചകളെയും പ്രാണികളെയും ആട്ടിയോടിച്ച് തലപ്പെരുക്കത്തിൻ്റെ ഗജേന്ദ്ര ഭാവവുമായി കേശവൻ ചെവികൾ ആട്ടി നിൽക്കുന്നു. ആനകൾ പലതിനെയും വിൽക്കുകയും വാങ്ങുകയും ചെയ്തെങ്കിലും തൻ്റെ ഐശ്വര്യത്തിന് ഹേതുഭൂതനായ കേശവനെ മാത്രം മേനോൻ വിറ്റില്ല. സ്വന്തം പറമ്പിൽ വാർദ്ധക്യ സഹജമായ അസുഖംമൂലം ചരിയും വരെ ആ ഗജവീരൻ മലമക്കാവിൻ്റെ പ്രിയങ്കരനായി ഉത്സവ പറമ്പിൽ തലയുയർത്തി നിന്നു.

അമ്പലത്തിന് താഴെ പരൽ മീനും കണ്ണനും മൊയ്യും പിടയുന്ന നീല ജലാശയം. മലമക്കാവ് ക്ഷേത്രക്കുളം. അതിൻ്റെ മൂലയിൽ വിശ്വാസപ്പെരുമകൾ പൂക്കുന്ന നെറ്റിട്ട് മറച്ച കൊക്കരണിയിലാണ് നീലത്താമരകൾ വിരിയുന്നത്. വിശ്വാസങ്ങളിലും അർപ്പണങ്ങളിലും മാത്രം ദർശനം നൽകുന്ന ദൈവികതയുടെ ഉത്തരമില്ലാത്ത സമസ്യയായി നീലത്താമര പുണ്യം. കുളത്തിൻ്റെ കൽവരിയിൽ കയറി വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ട ഒരു ബാല്യം ഇപ്പോഴും ഈറനണിഞ്ഞ് നിൽക്കുന്നുണ്ട്.

നവരാത്രിയുടെ ഒമ്പത് ദിവസം ചാക്യാർ കൂത്ത്, പാഠകം, തായമ്പക, ഓട്ടൻതുള്ളൽ എന്നീ ക്ഷേത്ര കലകൾ ക്ഷേത്രത്തിന് മുന്നിൽ അരങ്ങേറും. കലാസ്വാദകർ അവയിൽ മനസ്സർപ്പിച്ച് താളംപിടിച്ചും ചിരിച്ചും നിൽക്കുമ്പോൾ കരിങ്കൽ പതിച്ച ചുറ്റമ്പലത്തിൻ്റെ നടവഴിയിൽ ആൽമരത്തിൽ തളച്ച കേശവൻ്റെ അംഗവിക്ഷേപങ്ങൾ ശ്രദ്ധിച്ച് ഞാനിരിക്കും. പിൻകാലിൽ ബന്ധിച്ച ചങ്ങലയിൽ സഹ്യപുത്രൻ സ്വാതന്ത്യത്തിൻ്റെ ചരമഗീതം പാടുമ്പോൾ ചെവിക്ക് പുറകിൽ ചാരി വച്ച തോട്ടി പാപ്പാന് നൽകിയ വിശ്വാസത്തിൻ്റെ അടയാളമാണ്.

ശ്രീകോവിലിൽ പൂജ കഴിഞ്ഞ് മണി കിലുക്കം. അത് കേട്ട് ചാക്യാർ കൂത്ത് കണ്ട് നിന്നവർ കുട്ടത്തോടെ ക്ഷേത്രത്തിനകത്തേക്ക് പോയപ്പോൾ അവരെ നോക്കി ചാക്യാരുടെ പരിഹാസം. മലമക്കാവുകാർക്ക് തമ്മിൽ കാണുന്നതിനും സംസാരിക്കുന്നതിനുമുള്ള ഒരു സംഗമ സ്ഥലം കൂടിയാണ് ക്ഷേത്രം. നവരാത്രിക്കും താലപ്പൊലിക്കും ക്ഷേത്രം ജനസമുദ്രമായി മാറും. പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ ഇല്ലാത്ത കാലത്തെ കൂടിച്ചേരൽ.

കൈയിൽ കിട്ടിയ നാക്കില കീറിലെ അവിലും മലരുമായി ക്ഷേത്രത്തിൻ്റെ നടവഴിയിൽ ഇരുന്ന് ബാല്യത്തിൻ്റെ നിഷ്‌കളങ്ക ഭക്തിയുമായി ആകാശ ഭംഗികർ കണ്ട് നവരാത്രിക്കാലത്തിൻ്റെ പുണ്യം നുകരുമ്പോൾ കൊടിമരച്ചുവട്ടിൽ കൊട്ടിക്കയറുന്ന മലമക്കാവ് ശൈലിയിലെ തായമ്പക.

കുട്ട്യേ വീട്ടിൽ പോണ്ടെ, മുറ്റത്ത് പനമ്പിൽ നെല്ല് ഉണക്കാനിട്ടിട്ടുണ്ട്. ഒരാളതൊന്ന് ശ്രദ്ധിക്കിണ്ടാവില്ല. നല്ല മഴവരുന്നുണ്ട്. വാ വേഗം പോകാം. എൻ്റെ ഇടതു കൈയിൽ പിടിച്ച് അമ്മ ക്ഷേത്രത്തിൻ്റെ പടികളിറങ്ങി.

രാജൻ കിണറ്റിങ്കര

Leave a Reply

Your email address will not be published. Required fields are marked *