മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് കച്ചേരിത്താഴത്തെ ചെറിയ പാലം അടച്ച നടപടിക്കെതിരെ ഒറ്റയാൾ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളി. പാലം അടച്ചതുമൂലം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് ഓട്ടോ തൊഴിലാളിയും പൊതുപ്രവർത്തകനുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയാണ് നെഹ്റു പാർക്കിന് സമീപം ചെറിയ പാലത്തിന്റെ കവാടത്തിന് മുന്നിലെ റോഡിൽ കിടന്ന് വേറിട്ട പ്രതിഷേധ സമരം നടത്തിയത്.
ഓണാഘോഷങ്ങളുടെ പേരിൽ ദിവസങ്ങളോളം പാലത്തിന് കുറുകെ അലങ്കാരങ്ങൾ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തിയത് പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കും വലിയ ഭീഷണിയായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നഗരത്തിൽ പുലർച്ചെ മുതൽ മണിക്കൂറുകളോളം ഗതാഗതം താറുമാറായതോടെയാണ് എം.ജെ. ഷാജി റോഡിൽ കിടന്ന് സമരം ആരംഭിച്ചത്. മഴ നനഞ്ഞും ഇദ്ദേഹം സമരം തുടർന്നു. നിരവധി നാട്ടുകാരും സമരത്തിന് പിന്തുണയുമായി സ്ഥലത്തെത്തി.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറാൻ പ്രതിഷേധക്കാരൻ തയ്യാറായില്ല. ഒടുവിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ വിളിച്ചുവരുത്തി പാലത്തിന് കുറുകെയുള്ള അലങ്കാര ലൈറ്റുകൾ പൂർണ്ണമായും അഴിച്ചുമാറ്റി പോലീസ് പാലം ഗതാഗതത്തിനായി തുറന്നുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

