വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ഉടനെ അധ്യാപിക മരിച്ചു; മരണകാരണം കണ്ടെത്താൻ രാസപരിശോധന

തിരുവനന്തപുരം: കണിയാപുരത്ത് സ്കൂൾ അധ്യാപിക ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട് മരിച്ചു. മംഗലാപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയായ ധന്യ (38) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വീട്ടിൽ തയ്യാറാക്കിയ ചൂരമീൻ അച്ചാറും പുഴുങ്ങിയ കപ്പയും കഴിച്ചയുടൻ കടുത്ത ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചൂര പോലെയുള്ള ഡാർക്ക് മീറ്റ് മത്സ്യങ്ങൾ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ബാക്ടീരിയൽ പ്രവർത്തനം വഴി ഉത്പാദിപ്പിക്കപ്പെടുന്ന ‘ഹിസ്റ്റമിൻ’ വഴിയുള്ള വിഷബാധയോ തുടർന്നുണ്ടാകുന്ന ആനാഫിലാക്റ്റിക് ഷോക്കോ ആകാം മരണകാരണമെന്നാണ് പ്രാഥമിക മെഡിക്കൽ വിലയിരുത്തൽ. കൂടാതെ, ശരിയായി വേവിച്ച് ഊറ്റാത്ത കപ്പയിലെ ഘടകങ്ങൾ അലർജിയോ പ്രതിരോധശേഷിക്കുറവോ ഉള്ളവരിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകാൻ ധന്യയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *