ന്യൂഡല്‍ഹി: എല്‍ നിനോ പ്രതിഭാസത്തിന്റെ ആഘാതമുണ്ടായാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും ഭക്ഷ്യധാന്യങ്ങളുടെ മതിയായ കരുതല്‍ ശേഖരം നിലവിലുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന മൈന്‍ഡ്‌മൈന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സാധാരണയേക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും മന്ത്രി വിലയിരുത്തി. എങ്കിലും കാർഷിക മേഖലയെ തളർത്താത്ത രീതിയിലുള്ള കരുതൽ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിലവിലെ ഖാരിഫ് സീസണിലേക്ക് ആവശ്യമായ വളം ലഭ്യമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന റാബി സീസണിലേക്കുള്ള വളം വിതരണം ഈ വർഷം നവംബർ മുതൽ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

