മെൽബൺ: മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന്റെ (AMLF 2026 – അക്ഷരോത്സവം) ഭാഗമായി പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ മെൽബണിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നു. നവംബർ 21 ശനിയാഴ്ച ക്ലേട്ടൻ ടൗൺ ഹാളിലാണ് (Clayton Town Hall) പ്രായഭേദമന്യേ ഏവർക്കും അറിവിന്റെ ലോകത്തേക്ക് വഴിതുറക്കുന്ന വിദ്യാരംഭ ചടങ്ങ് ഒരുക്കിയിരിക്കുന്നത്.
ഓസ്ട്രേലിയൻ മലയാളികളുടെ കുട്ടികളിൽ മാതൃഭാഷാ സ്നേഹവും ഭാഷാ നൈപുണ്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ‘മധുരം മലയാളം’ എന്ന പരിപാടിയുടെ ഭാഗമായാണ് എഴുത്തിനിരുത്തൽ സംഘടിപ്പിക്കുന്നത്. വിപഞ്ചിക ഗ്രന്ഥശാലയും മലയാളിപ്പത്രവും സംയുക്തമായാണ് സാഹിത്യോത്സവം നടത്തുന്നത്. നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം അതിനാൽ മുൻകൂട്ടി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമത്തിൽ പ്രത്യേക നമ്പർ നൽകുകയും അതനുസരിച്ച് എത്തുന്നവർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടാകൂ.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി സഞ്ജയ് പരമേശ്വരൻ (0433 147 235), ഗിരീഷ് അവനൂർ (0490 022 557) എന്നിവരുമായോ, vipanchikagrandhasala@gmail.com എന്ന ഇമെയിൽ വഴിയോ, www.vipanchika.org.au എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്. പ്രവാസി മലയാളി സമൂഹത്തിനിടയിൽ സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മേളയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാഹിത്യപ്രേമികളും മെൽബണിൽ എത്തിച്ചേരും

