ദീപാവലി വിപണിക്ക് ഭീഷണി; ഇന്ത്യ മുന്നണിയുടെ റാലി മാറ്റിവെക്കണമെന്ന് വ്യാപാരികൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ മുന്നണി നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലികളും സമരങ്ങളും മാറ്റിവെക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യം മഹാറാലി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നവംബർ 10 വരെ ഇത്തരം സമരപരിപാടികൾ ഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) കത്തിലൂടെ ആവശ്യപ്പെട്ടു.

നവംബർ ആറിന് ധൻതേരസും എട്ടിന് ദീപാവലിയും നടക്കാനിരിക്കെ, റാലികളും വൻ ജനക്കൂട്ടവും ഗതാഗത നിയന്ത്രണങ്ങളും ഉത്സവ സീസണിലെ വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ധൻതേരസ് ദിനത്തിൽ മാത്രം സാധാരണയായി 25,000 കോടിയിലധികം രൂപയുടെ കച്ചവടമാണ് ഡൽഹിയിൽ നടക്കാറുള്ളതെന്ന് സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ രാഹുൽ ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കി.

സ്വർണം, വെള്ളി, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വാങ്ങാൻ ജനങ്ങൾ ഏറ്റവും കൂടുതൽ വിപണിയിലെത്തുന്ന സമയമാണിത്. ഈ ഘട്ടത്തിൽ സമരങ്ങളും റാലികളും നടന്നാൽ വിപണിയിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും ഏകദേശം 10,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബറിൽ ഇതുവരെ നടന്ന വിവിധ പ്രക്ഷോഭങ്ങൾ കാരണം വ്യാപാരികൾക്ക് 3,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും സംഘടന കത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *