ഇന്ന് ഡിജിറ്റൽ സൊസൈറ്റി ദിനം; കത്തുകൾക്കായി കാത്തിരുന്ന ആ നല്ല കാലം

പണ്ട് എന്റെ ചെറുപ്പകാലത്ത് കത്തുകൾക്ക് കുടുംബജീവിതത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കും മുന്നിൽ വച്ച് തന്നെ കത്ത് എഴുതുന്ന ശീലം ഉണ്ടായിരുന്നു. കൂട്ടുകാരുടെ മുന്നിൽവെച്ചുതന്നെ കത്തുകൾ എഴുതുകയും, അവർക്കൊപ്പം പോയി അത് പോസ്റ്റ് ഓഫീസിൽ അയയ്ക്കുകയും ചെയ്യുമായിരുന്നു. അവർ തിരിച്ചും അങ്ങനെ കത്തുകൾ അയയ്ക്കുമായിരുന്നു. കുടുംബവീടുകളിൽനിന്ന് കത്ത് വരുന്നതും കാത്തിരുന്ന നാളുകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. പോസ്റ്റ്മാനെ കാണുന്നതുതന്നെ വലിയ സന്തോഷമായിരുന്നു. ഒരു കത്ത് കൈയിൽ കിട്ടുമ്പോൾ അതിൽ എന്ത് വിശേഷമായിരിക്കും എന്നറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നു. കത്തുകളിലൂടെ ആശയവിനിമയം നടന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

അക്കാലത്ത് ഇംഗ്ലീഷിൽ വരുന്ന കത്തുകൾ വീട്ടിലുള്ളവർ അയൽവാസികൾക്കും, ക ത്തുമായി വരുന്നവർക്കും വായിച്ചുകൊടുക്കുമായിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമായിരുന്ന കാലമായിരുന്നു അത്. ബന്ധുക്കളുടെ വിശേഷങ്ങളും, സ്നേഹവും കരുതലും കത്തുകളിലൂടെ വീടുകളിലെത്തി. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, കത്തുകൾക്കായി കാത്തിരുന്ന ആ കാലത്തിന്റെ നിഷ്കളങ്കമായ സന്തോഷം മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്നു.

ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. മൊബൈൽ ഫോണും ഇന്റർനെറ്റും ഇ-മെയിലും സമൂഹമാധ്യമങ്ങളും വഴി ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരെയും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാം. വിവരങ്ങൾ കൈമാറാനും പഠിക്കാനും ജോലി ചെയ്യാനും വ്യാപാരം നടത്താനും ഡിജിറ്റൽ സംവിധാനങ്ങൾ വലിയ സൗകര്യങ്ങൾ നൽകുന്നു. ഒരിക്കൽ ദിവസങ്ങളോളം കാത്തിരുന്ന വാർത്തകൾ ഇന്ന് നിമിഷങ്ങൾക്കുള്ളിൽ അറിയാൻ കഴിയുന്നു. മൊബൈൽ ഡാറ്റ ഉപയോഗ രംഗത്ത് രാജ്യമെന്ന് ലോകത്ത് തന്നെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇത് ഇരട്ടിയോളം ആകും. 2031 ആകുമ്പോഴേക്കും രാജ്യത്തുള്ള ഫൈവ് ജി ഉപഭോക്താക്കളുടെ എണ്ണം 110 കോടി കവിയുമെന്നാണ് കണക്ക്.ഇന്ന് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പക്ഷേ ബന്ധങ്ങൾ കുറയുന്നതാണ് കണ്ടുവരുന്നത്.

എന്നാൽ ഈ വേഗത്തിനിടയിൽ കത്തുകൾക്കായി കാത്തിരുന്ന അനുഭവവും കൈപ്പടയിലെഴുതിയ വാക്കുകളിലൂടെ ലഭിച്ചിരുന്ന വ്യക്തിപരമായ അടുപ്പവും കുറഞ്ഞുവരുന്നു. കത്തുകളിലൂടെ ലഭിച്ചിരുന്ന ആനന്ദവും സന്തോഷവും ഇന്ന് കിട്ടുന്നില്ല. സാങ്കേതികവിദ്യ ആശയവിനിമയം എളുപ്പമാക്കിയെങ്കിലും സ്നേഹവും കരുതലും പരസ്പരം സമയം ചെലവഴിക്കാനുള്ള മനസ്സും മനുഷ്യബന്ധങ്ങളിൽ ഇന്നും പ്രധാനമാണ്.

ഡിജിറ്റൽ ലോകത്ത് മുന്നേറുമ്പോൾ വ്യക്തിവിവരങ്ങളുടെ സുരക്ഷ, വ്യാജവാർത്തകളെ തിരിച്ചറിയൽ, ഓൺലൈൻ തട്ടിപ്പുകളിൽനിന്നുള്ള ജാഗ്രത എന്നിവയ്ക്കും പ്രാധാന്യം നൽകണം. ധാരാളം സൈബർ ക്രൈമുകൾ നടക്കുന്ന കാലം കൂടിയാണിത്. സാങ്കേതികവിദ്യയുടെ ഗുണങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ അതിനെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം.

കത്തുകൾക്കായി കാത്തിരുന്ന എന്റെ ചെറുപ്പകാലത്തുനിന്ന് വിരൽത്തുമ്പിൽ ലോകത്തെത്തുന്ന ഇന്നത്തെ കാലത്തിലേക്കുള്ള മാറ്റം വലുതാണ്. സാങ്കേതികവിദ്യ നൽകുന്ന സൗകര്യങ്ങളെ നമുക്ക് സന്തോഷത്തോടെ സ്വീകരിക്കാം. അതോടൊപ്പം പഴയകാലത്തെ സ്നേഹവും കാത്തിരിപ്പിന്റെ മാധുര്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഓർമയിൽ സൂക്ഷിക്കാം. ആശയവിനിമയം എത്ര വേഗത്തിലായാലും മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള സ്നേഹബന്ധമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. നമ്മുടെ മനുഷ്യബന്ധങ്ങൾ ഇന്ന് കുറഞ്ഞു പോകുന്നുണ്ട് എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. നമുക്ക് പഴയ കാലത്തിലേക്ക് തിരിച്ചു പോകാം പഴയ സൗഹൃദങ്ങൾ തിരിച്ചുപിടിക്കാം. ഡിജിറ്റൽ ലോകത്തും പഴമയുടെ പുതുമ നിലനിർത്താം.

വി രാജേഷ് മോഹൻ റാവു ധർമ്മടം തലശ്ശേരി

(ലേഖകൻ ഹയർ സെക്കൻഡറി അധ്യാപകനും ധർമ്മടം ചന്ദ്രക്കല മോഹൻ റാവു കൾച്ചറൽ ഫോറം പ്രസിഡന്റുമാണ്.)

Leave a Reply

Your email address will not be published. Required fields are marked *