രാജ്യത്ത് ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനമായി (National Dengue Day) ആചരിക്കുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനപ്രകാരമാണ് പൊതുജനങ്ങൾക്കിടയിൽ ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണവും കാലവർഷത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഈ ദിവസം ആചരിക്കുന്നത്.

“ഡെങ്കിപ്പനി നിയന്ത്രണത്തിന് ജന പങ്കാളിത്തം: പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക” (Community Participation for Dengue Control: Check, Clean and Cover) എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി വിരുദ്ധ ദിനത്തിന്റെ സന്ദേശം. കൊതുുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയുന്നതിനായി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, ജലസംഭരണികൾ കൃത്യമായി മൂടിവെച്ച് പരിപാലിക്കുക തുടങ്ങിയ ലളിതമായ നിയന്ത്രണ മാർഗ്ഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡെങ്കിപ്പനി വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കായി മേയ് മാസം പ്രീ-മൺസൂൺ അവബോധ മാസമായി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ജൂലൈ മാസം ദേശീയ ഡെങ്കിപ്പനി വിരുദ്ധ മാസമായും ആചരിക്കും. ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയും പൊതുജനങ്ങളോട് രോഗപ്രതിരോധത്തിനായി കൈകോർക്കാൻ ആഹ്വാനം ചെയ്തു. നിരീക്ഷണങ്ങൾ ശക്തമാക്കിയും, പരിശോധനകളും ചികിത്സാ സൗകര്യങ്ങളും വ്യാപിപ്പിച്ചും സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിൽ ഓരോ പൌരന്റെയും വ്യക്തിപരമായ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *