മേലുകാവ്: ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി മേലുകാവ് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ‘TOOFAN – The Narco Hunt’ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മേലുകാവ്മറ്റത്ത് നടന്ന പരിപാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ, യുവാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ അവബോധം വളർത്തുന്നതിനും ലഹരി വ്യാപനം തടയുന്നതിനുള്ള സാമൂഹിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

