തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുക്കിയ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സാംസ്കാരിക, ടൂറിസം, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുമെന്നും ഈ ആഘോഷം എല്ലാവരും ഒത്തൊരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
നൂറിലധികം സ്റ്റാളുകളാണ് ഇത്തവണത്തെ ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾക്കൊപ്പം വാണിജ്യ സ്റ്റാളുകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 30 വരെയാണ് ട്രേഡ് ഫെയർ നടക്കുന്നത്.
നന്തൻകോട് വാർഡ് കൗൺസിലർ കെ. ആർ. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരായ വി. ശരത് ചന്ദ്രപ്രസാദ്, എം. എ. വാഹിദ്, നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത എൽ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

